അറിവിന്റെയും ആവിഷ്കാരങ്ങളുടെയും മൂന്ന് നാളുകൾ; ഹോർത്തൂസിൽ ഇന്ന്

0

കോഴിക്കോട്∙  തീരംതൊട്ട തിരകളെ സാക്ഷിയാക്കി ഹോർത്തൂസിന്റെ അക്ഷരക്കടൽ ഇരമ്പിത്തുടങ്ങി. യുനെസ്കോ സാഹിത്യനഗര പദവി സ്വന്തമാക്കിയ ശേഷം ആദ്യമായി വേദിയാകുന്ന കലാ സാഹിത്യോത്സവത്തിന് കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. ഇനി അറിവിന്റെയും ആവിഷ്കാരങ്ങളുടെയും മൂന്ന് നാളുകൾ. മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ വേദികൾ കോഴിക്കോട് ബീച്ചിൽ ഇന്നു കണ്ണുതുറക്കും. പത്തിലധികം വേദികളിലായി നൂറ്റിമുപ്പതോളം സംവാദങ്ങളും അസുലഭ കലാപ്രകടനങ്ങളും നിറവു പകരും.

ശംഖുപുഷ്പം, മന്ദാരം, ആറ്റുവഞ്ചി, അശോകം, അമൃത്, മൈലാഞ്ചി, മഷിത്തണ്ട് എന്നിങ്ങനെ മലയാളത്തെളിമയുള്ള പേരുകളുമായി അരങ്ങുകളെല്ലാമൊരുങ്ങി. ഇവിടെ നവകാല ചിന്തകളുടെ മിന്നലാകാൻ, സൽക്കലയുടെ മിനുക്കമേകാൻ രാജ്യത്തിനകത്തും പുറത്തുനിന്നുമായി അതിഥികൾ കോഴിക്കോട്ട് എത്തിക്കഴിഞ്ഞു. കൊറിയ, പോളണ്ട്, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ സർഗസാന്നിധ്യം ഹോർത്തൂസിനു രാജ്യാന്തരമാനങ്ങളേകും. ഹോർത്തൂസ് അക്ഷരോത്സവത്തിനു തുടക്കമായി.

വിഖ്യാത പോളിഷ് എഴുത്തുകാരനും വിവർത്തകനും സാംസ്കാരിക ചിന്തകനുമായ മാരേക് ബ്ലെൻസിക്, സാന്റമോണിക്ക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ ആശംസ നേർന്നു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം സമ്മേളനത്തിൽ കൃതജ്ഞത അറിയിച്ചു. ഇന്നത്തെ പല ഉന്നത ആശയങ്ങളും കടൽ കടന്ന് വന്നതാണെന്നു ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ പറഞ്ഞു. ‘‘കടൽ നല്ലതും മോശം കാര്യങ്ങളും കൊണ്ടുവരും. മലയാളത്തിൽ തന്നെ എത്രയെത്ര വാക്കുകൾ കടൽ കടന്ന് വന്നു.

നമ്മുടെ ജീവിതശൈലിയെ തന്നെ അത് മാറ്റി. ഇത്തരം കൊടുക്കൽ വാങ്ങലുകൾ നടപ്പാക്കാൻ കടപ്പുറത്ത് നടക്കുന്ന ഹോർത്തൂസിന് കഴിയുമെന്നാണ് പ്രതീക്ഷ’’– അദ്ദേഹം പറഞ്ഞു. ഹോർത്തൂസ് ഫെസ്റ്റിവൽ ബുക്ക് മേയർ ബീനാ ഫിലിപ്പും ജയന്ത് മാമ്മൻ മാത്യുവും മുഖ്യമന്ത്രിക്കു നൽകി പ്രകാശനം ചെയ്തു. മലയാളിയുടെ സാംസ്കാരിക ബോധത്തിൽ ഹോർത്തൂസ് പുത്തൻ ഉണർവുണ്ടാക്കട്ടെയെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുകാർക്ക് ധൈര്യപൂർവം തുറന്നു പറയാനുള്ള വേദിയാവണം ഹോർത്തൂസ് അടക്കമുള്ള സാംസ്കാരിക വേദികൾ.

ഇതിനായി സംഘം ചേർന്ന് പോരാടേണ്ടിയിരിക്കുന്നു. പല എഴുത്തുകാർക്കും ധൈര്യമുണ്ടാകുന്നില്ല. അത് അടിച്ചമർത്തപ്പെടുന്നു. സത്യസന്ധമായ നിലപാടെടുത്ത പലരും കൊല്ലപ്പെടുന്നു. അത്തരം ആക്രമണങ്ങളെ ചെറുക്കാൻ പ്രചോദനവും ധൈര്യവുമാകണം ഹോർത്തൂസ് പോലുള്ള സാഹിത്യ മേളകൾ– മുഖ്യമന്ത്രി ലോകത്തിലെ മിക്ക സാഹിത്യോത്സവങ്ങളും പുസ്തകോത്സവം വളർന്ന് ഉണ്ടായതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്നു രാവിലെ 10ന് മന്ദാരം വേദിയിൽ നടക്കുന്ന ഹോർത്തൂസ് ആമുഖത്തോടെ വേദികൾ ഉണരും. ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, ക്യുറേറ്റർ ബന്ധു പ്രസാദ് ഏലിയാമ്മ എന്നിവരാണ് ആമുഖം അവതരിപ്പിക്കുക.

തുടർന്നു വിവിധ വേദികളിലായി അറുപതിലേറെ സെഷനുകൾ, നൂറിലധികം അതിഥികൾ. സാഹിത്യം കൂടാതെ കലയും സംഗീതവും രാഷ്ട്രീയവും പാചകവുമെല്ലാം വിഷയവൈവിധ്യംകൊണ്ടു സംവാദവേദികളെ ത്രസിപ്പിക്കും. കുട്ടികളുടെ പവിലിയൻ, സിനിമാപ്രദർശനം എന്നിവയുമുണ്ട്. വെയിൽ ‍ചായുമ്പോൾ ചൂടുകട്ടനും ഉപ്പിലിട്ട നെല്ലിക്കയും നുണഞ്ഞ് ബാബുരാജിന്റെ പാട്ടുകൾ കേൾക്കാം; അതിന് തിരയടങ്ങാത്ത കടൽ ശ്രുതിയിടും.  ഹോർത്തൂസിനു വേദിയാകുന്ന കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ കലാവിന്യാസങ്ങൾ കാണാൻ ദിവസങ്ങൾ മുൻപേ ജനം വരവു തുടങ്ങിയിരുന്നു.

കൊച്ചി ബിനാലെ പവിലിയൻ, ഭക്ഷ്യമേള, പുസ്തകശാല, മനോരമയുടെ ചരിത്രം പറയുന്ന പത്രപ്രദർശനം, കുട്ടികൾക്കായി പ്രത്യേക വേദി എന്നിവയിലെല്ലാമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഓടിയെത്തിക്കൊണ്ടിരിക്കുന്നു; അക്ഷരോത്സവത്തിന്റെ പുതുതിളക്കം കാണാനും കേൾക്കാനും ഇവിടെയിരുന്നു കൂട്ടുകൂടി മിണ്ടാനും. കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *