അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡ് തകര്‍ന്ന് താഴേക്ക് പതിച്ചു (VIDEO); 23 പേര്‍ക്ക് പരുക്ക്: 3 പേർ ഗുരുതരാവസ്ഥയിൽ

സൗദി അറേബ്യ : തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് യന്ത്ര തകരാറിലായി. താഴേക്ക് പതിച്ച് 23 പേർക്ക് പരുക്കേറ്റു.
‘360 ഡിഗ്രി’ എന്നറിയപ്പെടുന്ന റൈഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.‘ഫൈനല്‍ ഡെസ്റ്റിനേഷൻ’ സിനിമകളെ പേ പോലും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വൃത്താകൃതിയിലുള്ള ഒരു ഭീമൻ ചക്രത്തിന് ചുറ്റും ആളുകളെ ഇരുത്തി, ഒരു പോളില്‍ 360 ഡിഗ്രിയില്‍ കറക്കുന്നതിനൊപ്പം വായുവില്‍ തലകീഴായി മറിയുന്ന റൈഡാണ് അപകടത്തില്‍ പെട്ടത്. ആളുകള്‍ റൈഡ് ആസ്വദിക്കുന്നതിനിടെ ചക്രം ഘടിപ്പിരുന്ന ഭീമൻ പോള്‍ രണ്ടായി ഒടിയുകയായിരുന്നു. ആളുകള്‍ തലകുത്തനെ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന സമയത്താണ് അപകടമുണ്ടായത്.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ആളുകള്‍ നിലവിളിക്കുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉടൻ സംഭവ സ്ഥലത്ത് എത്തിയ സുരക്ഷാസേന പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. തായിഫിലെ നിരവധി ആശുപത്രികള്‍ ‘കോഡ് യെല്ലോ എമർജൻസി’ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റൈഡ് വീഴുമ്പോള്‍ അവിടെ ഇരുന്നിരുന്ന കാണികളിൽ ചിലർക്കും പരുക്കേറ്റതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്