അമൃതാനന്ദമയിയെ പ്രശംസിച്ച് രാഷ്ട്രീയ നേതാക്കള്‍

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലത്ത് അമൃതപുരി കാമ്പസില്‍ അമൃതവര്‍ഷം -72 പരിപാടിക്ക് തുടക്കം കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വി മുരളീധരന്, വെള്ളാപ്പള്ളി നടേശന്, കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ ഇന്ന് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ ഭാഗമായി. മലയാളത്തില്‍ ‘അമ്മയ്ക്ക് ജന്മദിനാശംസകള്’, എന്ന് പറഞ്ഞു കൊണ്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ സംസാരിച്ചത്.
‘ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലെ മാതാ അമൃതാനന്ദമയിയുടെ പ്രയത്നം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയുമായി ചേര്‍ന്ന് ആരോഗ്യ രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും അമ്മ മാതൃകയാണ്. അമ്മയിലൂടെ ഐക്യരാഷ്ട്ര സഭയില്‍ ഭാരതത്തിന്റെ യശസ് ഉയര്‍ന്നുവെന്നും, ജെ പി നഡ്ഡ പ്രസംഗത്തില്‍ പറഞ്ഞു.
അമൃതവര്‍ഷം 72 എന്ന പേരില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തിന് രാവിലെ 5 മണിക്ക് 72 ഗണപതി ഹോമങ്ങളോടെയാണ് തുടക്കമായത്. ഔദ്യോഗിക ചടങ്ങില്‍ കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, മറ്റ് ജനപ്രതിനിധികള്‍, സന്യാസി ശ്രേഷ്ഠരും പങ്കെടുത്തു. അമൃത ആശുപത്രികളില്‍ നടത്താന്‍ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, നിര്‍ധനര്‍ക്ക് 6000 ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ പ്രഖ്യാപനം എന്നിവയും ചടങ്ങില്‍ നടന്നു. ലക്ഷക്കണക്കിന് ഭക്തര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.