കോഴിക്കോട്ട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം
കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ രണ്ടു കുട്ടികളാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസ്സുകാരന്‍ വെന്റിലേറ്ററിലാണ്. പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്. ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികളാണ് മരിച്ചത്. മേയ് 21 ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16 ന് കണ്ണൂർ സ്വദേശിയായ പതിമൂന്നുകാരിയും ജൂലൈ മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.