അമ്മയെ ഇനി വനിതകള്‍ നയിക്കും

താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍.
ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.