അമ്മ അനാഥമായി താര സംഘടന ‘അമ്മ’യില്‍ കൂട്ടരാജി; പ്രസിഡന്‍റ് മോഹൻലാലടക്കം 17 പേർ രാജിവെച്ചു

0

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക ആരോപണങ്ങളെത്തുടർന്ന് സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജി. മോഹൻലാല്‍ എഎംഎംഎ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹൻലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചു.

ലൈംഗികാരോപണങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി.

അതേസമയം, മോഹൻലാല്‍ രാജിവെച്ചതിനു പിന്നാലെ, പുതിയ പ്രസിഡന്റിനെ നിർദേശിച്ച്‌ നടി ശ്വേതമേനോൻ. പൃഥ്വീരാജ് പ്രസിഡന്റാകട്ടെയെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ, അവർ പറഞ്ഞു.

ലാലേട്ടനെ പോലെയുള്ള ഒരാള്‍ക്ക് ഇത്ര വലിയൊരു മാനസികസമ്മർദം നേരിടേണ്ടിവരികയെന്നത് വ്യക്തിപരമായി ഏറെ വിഷമം തോന്നുന്നുണ്ട്. കമ്മിറ്റി മുഴുവനും രാജിവെച്ചുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. എന്തായാലും അമ്മ നന്നായി മുന്നോട്ടുപോകണം. നല്ല ആള്‍ക്കാർ വരണം. ഒരുപാട് പേർ സഹായം പ്രതീക്ഷിക്കുന്ന സംഘടനയാണ്. പുതിയ നല്ല ഭാരവാഹികള്‍ വരട്ടെ.

അമ്മയില്‍ വനിതാ നേതാവ് വരണ്ടേയെന്ന ചോദ്യത്തോട്, താൻ ഇക്കാര്യം അമ്മ ജനറല്‍ ബോഡിയില്‍ തമാശയായി ഉന്നയിച്ചിട്ടുണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി. ‘സ്ത്രീകളൊക്കെ മുന്നോട്ടുവന്ന്, ഒരു സ്ത്രീ പ്രസിഡന്റായാല്‍ ചേയ്ഞ്ചാവില്ലേ എന്നായിരുന്നു ഞാൻ പറഞ്ഞത്. വളരെ സാധാരണ സംഭാഷണമായിരുന്നു അത്. എന്തുകൊണ്ട് ആയ്‌ക്കൂടാ എന്ന നിലയില്‍ ലാലേട്ടൻ തലയാട്ടി’ – ശ്വേത പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *