കത്തുന്ന മണിപ്പൂർ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് റാലികൾ അമിത് ഷാ റദ്ദാക്കി.
ന്യുഡൽഹി /മുംബൈ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങി. തലസ്ഥാനമായ ഇംഫാലിൽ അസ്ഥിരമായ അവസ്ഥയിലേക്ക് നയിച്ച അക്രമാസക്തരായ ജനക്കൂട്ടം, ബിജെപിയുടെയും കോൺഗ്രസ് നിയമസഭാ സാമാജികരുടെയും വീടുകൾക്ക് നേരെ ആക്രമണം തുടരുകയാണ്.
അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
.ശനിയാഴ്ച രാത്രി അക്രമാസക്തരായ ജനക്കൂട്ടം ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിലായി മൂന്ന് ബിജെപി എംഎൽഎമാരുടെയും ഒരു കോൺഗ്രസ് എംഎൽഎയുടെയും വസതികൾക്ക് തീയിട്ടു.
പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബിജെപി എംഎൽഎമാരായ വൈ രാധേശ്യാം, പവോനം ബ്രോജൻ, കോൺഗ്രസ് എംഎൽഎ തോക്‌ചോം ലോകേശ്വർ തുടങ്ങിയ പ്രമുഖരെയാണ് അക്രമകാരികൾ ലക്ഷ്യ മിടുന്നത്
ആ ആഴ്ച ആദ്യം ജിരിബാം ജില്ലയിൽ മൂന്ന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതിലുള്ള രോഷമാണ് ആക്രമണങ്ങൾക്ക് കാരണമായത്.പ്രതിഷേധക്കാർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ തറവാട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി, സുരക്ഷാ സേന ശ്രമം വിജയകരമായി തടഞ്ഞെങ്കിലും,പൊതുജനങ്ങൾക്കിടയിൽ രോഷം വർധിച്ചതോടെ, അഞ്ച് ജില്ലകളിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
നവംബർ 11 ന് സുരക്ഷാ സേന 10 Hmar പുരുഷന്മാരെ(ഗോത്രവർഗ്ഗക്കാർ ) കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപമുള്ള കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാമ്പിൽ നിന്ന് കാണാതായ മെയ്റ്റി വ്യക്തികളുടേതെന്ന് സംശയിക്കുന്ന ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതിനെ തുടർന്നാണ് മണിപ്പൂരിലെ നിലവിലെ അക്രമം ശക്തി പ്രാപിച്ചത്.അക്രമസാധ്യതയുള്ള പ്രദേശങ്ങളിൽ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം (AFSPA) വീണ്ടും അടിച്ചേൽപ്പിക്കുന്നത് പൊതുജനങ്ങളുടെ രോഷത്തിന് ആക്കം കൂട്ടി. ആറ് പോലീസ് സ്റ്റേഷൻ അധികാരപരിധികളിൽ നിന്ന് AFSPA (സായുധസേനാ പ്രത്യേകാധികാര നിയമം )പുനഃപരിശോധിക്കാനും പിൻവലിക്കാനും മണിപ്പൂർ സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താനും സംസ്ഥാന അധികാരികൾക്ക് സഹായം നൽകാനും ഇന്ത്യൻ സർക്കാർ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്.ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാങ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്ണുപൂരിലെ മൊയ്‌റാംഗ് എന്നിവയാണ് AFSPA പുനഃസ്ഥാപിച്ച ആറ് പോലീസ് സ്‌റ്റേഷൻ മേഖലകൾ.