അമിത് ഷാ ശനിയാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ

കണ്ണൂർ: രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം ക്ഷേത്രത്തിൽ അനാഛാദനം ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും.ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് അദ്ദേഹം ക്ഷേത്രത്തിലെത്തുന്നത്. ജൂലായ് 12ന് വൈകിട്ട് 4ന് ബിജെപി സൗത്ത് കമ്മിറ്റി അമിത് ഷായ്ക്ക് മട്ടന്നൂരിൽ സ്വീകരണം നൽകും ആദ്യം വെള്ളിയാഴ്ച എത്തുമെന്നാണ് അറിയിച്ചതെങ്കിലും ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവശിൽപം ക്ഷേത്രത്തിൽ അനാഛാദനം ചെയ്തത്. ഗവർണർ രാജേന്ദ്ര അർലേക്കറാണ് അനാഛാദനം നിർവഹിച്ചത്. 14 അടി ഉയരവും 4200 കിലോഗ്രാം ഭാരവുമുള്ള ശിൽപമാണ് അനാഛാദനം ചെയ്തത്. ഇതിനു പിന്നാലെയാണ് അമിത് ഷാ സന്ദർശനത്തിനെത്തുന്നത്.2017 ൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദർശനം നടത്തിയത്.