അമേരിക്കയുടെ അന്‍പത് ശതമാനം ചുങ്കം:വ്യാപാരമേഖലയെ സാരമായി ബാധിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് അന്‍പത് ശമതാനമാക്കി നികുതി വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഒപ്പ് വച്ചത്, നമ്മുടെ ആഭ്യന്തര കയറ്റുമതി രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന തീരുമാനമാണ് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തുകല്‍, രാസവസ്‌തുക്കള്‍, ചെരിപ്പുകള്‍, മുത്തുകള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇത് ബാധിക്കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള ശിക്ഷയായാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അമിത നികുതി ചെലുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് മാത്രമാണ് അമേരിക്ക ഇത്തരമൊരു ശിക്ഷ നല്‍കിയിട്ടുള്ളത്. റഷ്യയില്‍ നിന്ന് ഇപ്പോഴും എണ്ണ വാങ്ങുന്ന ചൈനയ്ക്കും തുര്‍ക്കിക്കും മേല്‍ ഇത്തരം നടപടികളൊന്നും അമേരിക്ക ഇനിയും കൈക്കൊണ്ടിട്ടില്ല. പുതിയ നികുതി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കയറ്റമുണ്ടാക്കും. ഇതിന് പുറമെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ അന്‍പത് ശതമാനം വരെ കുറവുണ്ടാകുമെന്നും ജിടിആര്‍ഐ ചൂണ്ടിക്കാട്ടുന്നു.അമേരിക്കയിലേക്കുള്ള ഓര്‍ഗാനിക് കെമിക്കലുകള്‍ക്ക് 54ശതമാനം അധിക നികുതി വരും. കാര്‍പറ്റ്(52.9ശതമാനം), തുന്നിയ തുണികള്‍(63.9ശതമാനം), നെയ്തെടുത്ത വസ്‌ത്രങ്ങള്‍(60.3ശതമാനം) തുണിത്തരങ്ങള്‍(59ശതമാനം), വജ്രം, സ്വര്‍ണവും സ്വര്‍ണ ഉത്പന്നങ്ങളും(52.1ശതമാനം), യന്ത്രങ്ങള്‍,(51.3ശതമാനം)ഉപകരണങ്ങള്‍, കിടക്കകള്‍(52.3ശതമാനം)എന്നിങ്ങനെയാണ് നികുതി വര്‍ദ്ധിക്കാനുള്ള സാധ്യത.
ഇനി ഇന്ത്യയുടെ സമുദ്രോത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില കൂടുമെന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന കയറ്റുമതി വ്യവസായി മെഗാ മോദ യോഗേഷ് ഗുപ്‌ത പറയുന്നത്. നേരത്തെ തന്നെ ഇക്വഡോര്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് നാം ഈ രംഗത്ത് വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇവര്‍ക്ക് കേവലം പതിനഞ്ച് ശതമാനമേ നികുതിയുള്ളൂ. നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്ക് 2.49 ശതമാനം ആന്‍റി ഡംപിങ് നികുതിയുണ്ട്. 5.77 ശതമാനം കൗണ്ടര്‍ വെയ്‌ലിങ് നികുതിയും നല്‍കണം. ഇതിന് പുറമെ ഓഗസ്റ്റ് ഏഴ് മുതല്‍ അധിക 25ശതമാനം നികുതി കൂടിയാകുമ്പോള്‍ മൊത്തം 33.26ശതമാനമാകും. ഇതിന് പുറമെയാണ് അധിക 25ശതമാനം കൂടി വരുന്നതെന്നും ഗുപ്‌ത ചൂണ്ടിക്കാട്ടുന്നു.
നടപടി ഏറെ ആശങ്കകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്‌ട്രി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വസ്‌ത്ര വിപണിയാണ് അമേരിക്ക. പുത്തന്‍ നികുതി നിരക്കുകള്‍ അത് കൊണ്ട് തന്നെ ഇന്ത്യന്‍ വസ്‌ത്ര വ്യവസായ മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ്. ഈ പരീക്ഷണ കാലം മറികടക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അമേരിക്കയിലേക്കുള്ള ആഭരണ കയറ്റുമതി അന്‍പത്തഞ്ച് ശതമാനമാണ്. ഇതിനെ നേരിട്ട് ബാധിക്കുമെന്ന് ആഭരണവ്യവസായിയികളും ആശങ്കപ്പെടുന്നു.