മകളുടെ മരണത്തോടെ ഉപേക്ഷിച്ച ആംബുലൻസ് ദീപ വീണ്ടുമോടിച്ചു വയനാട്ടിലേക്ക്
മക്കളെ നഷ്ടപ്പെടുന്ന അമ്മയുടെ നൊമ്പരം ദീപ ജോസഫിന് നന്നായി അറിയാം. രക്താര്‍ബുദം ബാധിച്ച് ജീവിതത്തിലെ മാലാഖയായിരുന്ന മകള്‍ എയഞ്ചല്‍ മരിയ പത്ത് മാസം മുമ്പാണ് ദീപയെ വിട്ടുപോയത്. അന്ന് തിങ്ങിക്കൂടിയ സങ്കടഭാരം ദീപയുടെ മനസില്‍ ഇപ്പോഴുമുണ്ട്. അതുപോലെയൊരു നഷ്ടത്തിന്റെ നോവുമായി മല്ലികയെന്ന മുത്തശ്ശി മേപ്പാടി കമ്യൂണിറ്റി ഹാളിന്റെ പുറത്തുള്ള ബെഞ്ചില്‍ ഇരുന്നപ്പോള്‍ അവരെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ ദീപയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണുനീരിനെ വലംകൈ കൊണ്ട് തുടച്ചുമാറ്റി ദീപ ആ കൈ, ഏഴു വയസുകാരിയായ കൊച്ചുമകള്‍ അനന്തികയുടെ മൃതദേഹം തിരിച്ചറിഞ്ഞെത്തിയ മല്ലികയുടെ കൈയിലേക്ക് ചേര്‍ത്തു.
കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശിയായ ദീപ ആംബുലന്‍സ് ഡ്രൈവറായാണ് ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെത്തിയത്. മകളുടെ മരണത്തിനുശേഷം ശാരീരികമായും മാനസികമായും തളര്‍ന്ന അവര്‍ ആംബുലന്‍സ് ഡ്രൈവിങ് ഉപേക്ഷിച്ചിരുന്നു. വയനാട്ടില്‍ ദുരന്തം സംഭവിക്കുമ്പോള്‍ ദീപ കല്ലാച്ചിയിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ അജീഷിന്റെ ഫോണ്‍ വരുന്നത്. ആംബുലന്‍സും ഫ്രീസറും സംഘടിപ്പിച്ച് മേപ്പാടിയില്‍ എത്തിക്കാമോ എന്ന് ചോദിച്ചു. അവിടേയുള്ള ദുരന്തം ബാധിച്ചവരുടെ അവസ്ഥ ആലോചിച്ചപ്പോള്‍ ചികിത്സ തത്കാലത്തേക്ക് അവസാനിപ്പിച്ച് ദീപ ആംബുലന്‍സിന്റെ ഡ്രൈവിങ് സിറ്റീല്‍ വീണ്ടുമിരുന്നു. ഫ്രീസറിനായി സുഹൃത്തുക്കളായ ഡ്രൈവര്‍മാരോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
പാറക്കടവിലുള്ള ആംബുലന്‍സ് ഡ്രൈവര്‍ പി.കെ അനസിന്റെ സഹായത്തോടെ പൊതുപ്രവര്‍ത്തകനായ പി.പി അനീഷിനെ ബന്ധപ്പെട്ടു. അങ്ങനെ നിരവുമ്മല്‍ യുവധാര ക്ലബ്ബിന്റെ ഫ്രീസര്‍ ലഭിച്ചു. അതും ആംബുലന്‍സുമായി ചൊവ്വാഴ്ച്ച വൈകുന്നേരം വയനാട്ടിലേക്ക് യാത്ര തിരിച്ചു. രാത്രിയാണ് മേപ്പാടിയിലെത്തിയത്. ഇപ്പോള്‍ അഞ്ച് ദിവസമായി ദുരന്തഭൂമിയില്‍ നിന്ന് മൃതദേഹങ്ങളും പരിക്കേറ്റവരുമായി ആംബുലന്‍സ് ഓടിക്കുകയാണ് ദീപ. അതിനിടയില്‍ വിശ്രമിക്കുന്നത് രാത്രി ഉറങ്ങുമ്പോള്‍ മാത്രമാണ്. അതും ആംബുലന്‍സിനുള്ളിലാണ്.
ഈ യാത്രക്കിടയില്‍ കണ്ട കാഴ്ച്ചകള്‍ മനസില്‍ നിന്ന് ഒരിക്കലും മായാത്തതാണെന്ന് ദീപ പറയുന്നു. ‘ബന്ധുക്കളെ തിരിച്ചറിയാനെത്തുന്നവരുടെ വിലാപങ്ങളാണ് സഹിക്കാനാകുന്നില്ല. ഓരോ വീട്ടിലേയും അച്ഛനമ്മമാരേയും കുഞ്ഞുങ്ങളേയും പല വിധത്തിലാണ് ബന്ധുക്കള്‍ തിരിച്ചറിയുന്നത്. എന്റെ മകള്‍ മൈലാഞ്ചി ഇട്ടിരുന്നു, കാതില്‍ ഭംഗിയുള്ള കമ്മലുണ്ടായിരുന്നു, കാലില്‍ സ്വര്‍ണ പാദസരമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് ആളുകള്‍ പൊട്ടിക്കരഞ്ഞാണ് വരുന്നത്. കൈയും കാലും തലയുമില്ലാത്ത മൃതദേഹങ്ങളുടെ അവസ്ഥയെ കുറിച്ച് ബന്ധുക്കളെ പറഞ്ഞു മനസിലാക്കാനും ഭയങ്കര ബുദ്ധിമുട്ടാണ്. ഒരു തിരിച്ചറിവ് കൂടിയായിരുന്നു ഈ അഞ്ച് ദിവസങ്ങള്‍. മകളെ നഷ്ടപ്പെട്ട എന്റെ സങ്കടത്തേക്കാള്‍ എത്രയോ ഇരട്ടിയിലധികം ദു:ഖം അനുഭവിക്കുന്നവരെയാണ് ഞാന്‍ കണ്ടുമുട്ടിയത്. ഇനി നമുക്ക് ചെയ്യാന്‍ പറ്റുന്ന സഹായം അവര്‍ക്ക് ചെയ്തുകൊടുക്കുക. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ഇത്രയുമെ നമുക്ക് ചെയ്യാനുള്ളു.’ ദീപ പറയുന്നു.
കൗമാരക്കാരിയായിരുന്നപ്പോള്‍തന്നെ ഡ്രൈവിങ്ങിനോട് താത്പര്യമുണ്ടായിരുന്ന ദീപ മലയോരങ്ങളിലൂടെ ജീപ്പോടിച്ചാണ് ആദ്യം നാട്ടുകാരെ ഞെട്ടിച്ചത്. പിന്നാലെ 20-ാം വയസില്‍ നാലു ചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സും നേടി. ഇതിനിടയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ദീപ എറണാകുളത്തെ ഒരു ഹോട്ടലില്‍ റസ്റ്ററന്റ് മാനേജറായാണ് ജോലി തുടങ്ങിയത്. പിന്നീട് ജോലി പെരിന്തല്‍മണ്ണയിലേക്ക് മാറി. അതിനിടയിലാണ് ഹെവി വെഹിക്ക്ള്‍ ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കുന്നത്. പിന്നാലെ ഒരു മാര്‍ബിള്‍ ഷോറൂമില്‍ ജോലിക്ക് കയറി. അവിടെയുള്ള ലോഡ് വാഹനങ്ങള്‍ ഡ്രൈവറില്ലാത്ത സമയങ്ങളില്‍ ദീപ ഓടിച്ചു. ഇതോടെ ഡ്രൈവിങ്ങിലെ ആത്മവിശ്വാസം കൂടി.
കുടുംബസുഹൃത്ത് വഴി നാദാപുരം പുളിയക്കാവ് നാഷണല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബസ് ഓടിക്കാന്‍ ഡ്രൈവറെ അന്വേഷിക്കുന്നുണ്ടെന്ന് ദീപ അറിഞ്ഞു. ഇതോടെ മാര്‍ബിള്‍ കടയില്‍ നിന്ന് നേരെ കോളേജ് ബസിന്റെ ഡ്രൈവിങ് സീറ്റിലെത്തി. ആ സമയത്താണ് കോവിഡ് വ്യാപനമുണ്ടാകുന്നത്. ലോക്ക്ഡൗണ്‍ ആയതോടെ വീട്ടിനുള്ളിലായിപ്പോയതും വരുമാനം നിലച്ചതും ജീവിതത്തെ ബാധിച്ചു. ആ സമയത്താണ് വളയുത്തുള്ള സുഹൃത്ത് വഴി പ്രണവം ട്രസ്റ്റിന്റെ ആംബുലന്‍സില്‍ ഡ്രൈവറുടെ ഒഴിവുണ്ടെന്ന് അറിയുന്നത്. തുടര്‍ന്ന് ഭാരവാഹികളുമായി ബന്ധപ്പെട്ടു. വാഹനം വിട്ടുനല്‍കാന്‍ പ്രണവം ട്രസ്റ്റും മടി കാണിച്ചില്ല.
കോവിഡ് രൂക്ഷമായിരുന്ന കാലത്ത് ദീപ സജീവമായി നാട്ടില്‍ പ്രവര്‍ത്തിച്ചു. രോഗികളേയുംകൊണ്ട് ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് പാഞ്ഞു. അന്ന് കോവിഡ് പകരുമോ എന്ന പേടിയില്‍ പലരും മടിച്ചുനിന്നപ്പോഴാണ് ദീപ എന്തിനും തയ്യാറായി മുന്നോട്ടുവന്നത്. ജീവനുള്ളവരും മരണപ്പെട്ടവരുമായി ഏറെ അനുഭവങ്ങള്‍ ഈ ജീവിതത്തിനിടയില്‍ ദീപ നേരിട്ടു. അന്ന് നേടിയ ഉള്‍ക്കരുത്ത് തന്നെയാണ് ഇപ്പോള്‍ ദുരന്തഭൂമിയിലും തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് ദീപ പറയുന്നു.