വഴിമുടക്കി അഭ്യാസം: ആംബുലൻസിനെ കടത്തിവിടാതെ കാർയാത്ര
കാസർകോട്: കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. 16 കിലോമീറ്ററോളമാണ് ഇത്തരത്തിൽ കാർ യാത്രക്കാരൻ ആംബുലൻസിന്റെ വഴിമുടക്കിയത്. KL48 K 9888 എന്ന കാറിൽ എത്തിയ സംഘമാണ് മനുഷ്യത്വരഹിതമായ ഈ അഭ്യാസപ്രകടനം നടത്തിയത്. അമിത വേഗതയിൽ പോയ കാർ പിന്നീട് മറ്റൊരു കാറിലും, ബൈക്കിലും ഇടിച്ചു.
സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിനെയാണ് കാർ യാത്രികർ കടത്തിവിടാതെ തടഞ്ഞത്. വീഡിയോയിൽ ആംബുലൻസ് നിരന്തരം ഹോൺ അടിക്കുന്നത് കേൾക്കാം. റോഡിലെ മറ്റ് വാഹനങ്ങൾ സൈഡ് നൽകിയിട്ടും ഈ കാർ മാത്രം അതിന് കൂട്ടാക്കിയില്ല. കൊടുവള്ളി സ്വദേശി മുഹമ്മദ് സഫ്‌വാന്റെതാണ് കാർ എന്നാണ് വിവരം.
സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ഡെയ്സൻ പരാതി നൽകി. കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു ആംബുലൻസ്. ബേക്കൽ ഫോർട്ട് മുതൽക്കാണ് കാർ ആംബുലൻസിന്റെ യാത്ര തടഞ്ഞുകൊണ്ട് മുൻപിൽ വന്നത്.