അംബേദ്‌കർ പരാമർശം : അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷം

0

ന്യൂഡൽഹി : ഡോ. ബി ആർ അംബേദ്‌കറെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ ഇന്ത്യ സഖ്യത്തിലെ നിരവധി എംപിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു.

“അംബേദ്‌കർ, എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ദൈവത്തിന്‍റെ പേരാണ് ഇങ്ങനെ ഉരുവിട്ടിരുന്നത് എങ്കില്‍ അവർക്ക് സ്വർഗത്തിൽ ഒരിടമെങ്കിലും ലഭിച്ചേനേ’- രാജ്യസഭയിലെ പ്രസംഗത്തിനിടയിൽ അമിത്ഷായുടെ പരാമർശം ഇതായിരുന്നു .

അംബേദ്‌കറുടെ ചിത്രങ്ങളുമായാണ് എംപിമാർ മകര്‍ദ്വാറിന് മുന്നിൽ അണിനിരന്നത്. ‘ജയ് ഭീം’, ‘സംഘ് കാ വിധാൻ നഹി ചലേഗാ’, ‘അമിത് ഷാ മാഫി മാംഗോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. കോൺഗ്രസ്, ഡിഎംകെ, ആർജെഡി, എല്‍ഡിഎഫ്, എഎപി തുടങ്ങിയ പാർട്ടികളുടെ എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കോൺഗ്രസ് കമ്മ്യൂണിക്കേഷൻസിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേഷാണ് രാജ്യസഭയിലെ അമിത് ഷായുടെ പ്രസംഗ ശകലം ട്വിറ്ററിൽ പങ്കുവച്ചത്. ‘അഭി ഏക് ഫാഷൻ ഹോ ഗയാ ഹേ – അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. ഇത്നാ നാം അഗർ ഭഗവാൻ കാ ലെത്തേ തോ സാത് ജന്മോൻ തക് സ്വർഗ് മിൽ ജാതാ’ അമിത്‌ ഷാ പറഞ്ഞു.ബിജെപിക്കും ആർഎസ്എസ് നേതാക്കൾക്കും അംബേദ്‌കറോടുള്ള വിദ്വേഷം തുറന്നു കാണിക്കുന്നതാണ് അമിത് ഷായുടെ പരാമർശമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മനുസ്‌മൃതിയിൽ വിശ്വസിക്കുന്നവർ തീർച്ചയായും അംബേദ്‌കറുമായി വിയോജിക്കുമെന്ന് രാഹുൽ ഗാന്ധിയും വിമര്‍ശിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലുകാര്‍ജുന്‍ ഖാർഗെയും അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നിയച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്‌മൃതി കൊണ്ടുവരികയാണ് സംഘപരിവാറിന്‍റെ ലക്ഷ്യമെന്ന് ഖാര്‍ഗെ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *