അമർനാഥ് യാത്ര : ഹിമാലയൻ ദേവാലയത്തിലേക്ക് ഇന്ന് പുറപ്പെട്ടത് 6,900 തീർഥാടകർ

ജമ്മു കശ്‌മീർ: 6,900-ലധികം തീർഥാടകർ അടങ്ങുന്ന പുതിയ സംഘം അമർനാഥ് ക്ഷേത്രം സന്ദർശിക്കാൻ ഭഗവതിനഗർ ബേസ് ക്യാമ്പിൽ നിന്നും പുറപ്പെട്ടു.
5,196 പുരുഷന്മാരും 1,427 സ്ത്രീകളും 24 കുട്ടികളും 331 സന്ന്യാസികളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 6,979 പേരടങ്ങുന്ന നാലാമത്തെ തീർഥാടകസംഘം ഭഗവതിനഗർ ബേസ് ക്യാമ്പിൽ നിന്ന് രണ്ട് ഗ്രൂപ്പുകളായാണ് പുറപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലർച്ചെ 3.30 നും 4.05 നും ഇടയിൽ കനത്ത സുരക്ഷയ്‌ക്കിടയിലൂടെയാണ് സംഘം പുറപ്പെട്ടത് കനത്ത മഴയും ഉണ്ടായിരുന്നു. 48 കിലോമീറ്റർ ദൂരമുള്ള പഹൽഗാമിലൂടെ 4,226 തീർഥാടകർ പുറപ്പെട്ടപ്പോൾ, 151 വാഹനങ്ങളിലായി 2,753 തീർഥാടകർ 14 കിലോമീറ്റർ ദൂരമുള്ള ബാൽട്ടാൽ വഴിയിലൂടെ യാത്രതിരിച്ചു. 24,528 തീർഥാടകരാണ് ജമ്മു ബേസ് ക്യാമ്പിൽ നിന്ന് തെക്കൻ കശ്‌മീരിലെ പുണ്യ ഹിമാലയൻ ദേവാലയത്തിലേക്ക് യാത്ര തിരിച്ചത്.ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ കർശന സുരക്ഷയിലാണ് തീര്‍ഥാടനം പുരോഗമിക്കുന്നത്. ഭഗവതി നഗർ ബേസ് ക്യാമ്പില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ 3.5 ലക്ഷത്തിലധികം ഭക്‌തര്‍ തീർഥാടനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ജമ്മുവിലുടനീളം 34 താമസ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്, തിരിച്ചറിയുന്നതിന് വേണ്ടി തീർഥാടകർക്ക് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ (RFID) ടാഗുകൾ നൽകിയിട്ടുണ്ട്. തീർത്ഥാടകരുടെ ഓൺ-ദി-സ്പോട്ട് രജിസ്ട്രേഷനായി പന്ത്രണ്ട് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.