ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ : പതിനേഴ് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ബുട്ടു മണ്ഡൽ (32), ലാലൻ മണ്ഡൽ (35), അഷറഫ് മണ്ഡൽ (20) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തോട്ടു മുഖം ഭാഗത്ത് എടയപ്പുറം റോഡിലുള്ള കെട്ടിടത്തിൽ നിന്നാണ് പിന്തുടർന്നെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. കിലോയ്ക്ക് രണ്ടായിരം ,മൂവായിരം രൂപാ നിരക്കിൽ വാങ്ങി മുപ്പതിനായിരം രൂപാ നിരക്കിലാണ് വിൽപ്പന. പാലക്കാടു നിന്ന് വാഹനത്തിൽ ആലുവയിലേക്ക് കൊണ്ടുവരികയായിരുന്നു. പോലീസിൻ്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ അങ്കമാലിയിൽ നിന്ന് എം.സി റോഡിലൂടെ മാറമ്പിള്ളി വഴി തോട്ടമുഖത്തെത്തി.
സാഹസികമായി പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഒഡീഷയിൽ നിന്ന് മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. ആവശ്യക്കാർക്ക് കേരളത്തിൽ എത്തിച്ച് വൈകാതെ തിരിച്ചു പോകും. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു. ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.എം കേഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ, ബി.എം ചിത്തുജി, സുജോ ജോർജ് ആൻ്റണി, എ.എസ്.ഐ കെ.എ നവാബ്, കെ.കെ സുരേഷ്, സീനിയർ സി പി ഒ മാരായ പി.എ നൗഫൽ, കെ.ആർ രാഹുൽ, വി.എ അഫ്സൽ, കെ.എ സിറാജുദ്ദീൻ, പി.എ ജാബിർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം റൂറൽ പോലീസ് കാലടിയിൽ നിന്നും പതിനാറ് കിലോ കഞ്ചാവുമായി രണ്ട് മൂർഷിദാബാദ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു.