ആലപ്പുഴ നൂറനാട്ടിൽ പിടികിട്ടാപ്പുള്ളി പിടിയിൽ
ആലപ്പുഴ: നൂറനാട് പോലീസ് സ്റ്റേഷനിൽ 2015 ൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിലെ പ്രതി വള്ളികുന്നം നഗരൂർ കുറ്റിയിൽ അനുരാജ് (വയസ്സ് 34) ആണ് നൂറനാട് പോലീസിന്റെ പിടിയിൽ ആയത്. 15-04-2015 തീയതി ചിറക്കൽ ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന കടുവനാൽ സ്വദേശി ശ്രീനിയെ അനുരാജും മറ്റു ആറ് പേരും ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ശ്രീനിയുടെ മൊഴി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത ഈ കേസിലെ പ്രതികൾ ഒളിവിൽ ആയിരുന്നതിനാൽ അന്ന് അറസ്റ്റ് ചെയ്തില്ലായിരുന്നു. തുടർന്ന് കേസ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിസ്താരം നടക്കുന്നതിനിടെ മറ്റ് ആറു പ്രതികളും ജാമ്യ എടുക്കുകയും അനുരാജ് ജാമ്യം എടുക്കാതെ ഒളിവിൽ പോവുകയും ആയിരുന്നു. ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെയും സുഹൃത്തുക്കളെ നിരീക്ഷിച്ചു വരികയായിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ് ഐ അജിത്, സീനിയർ സി പി ഓ മാരായ മനു, കലേഷ്, വിഷ്ണു തുടങ്ങിയവരുടെ പ്രത്യേക സംഘം ഇന്ന് പുലർച്ചെ ഇയാളെ ഒളിത്താവളത്തിൽ നിന്നും വിദഗ്ധമായി പിടികൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
