ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്. ശബരിമല സീസണിൽ കുറുവാ സംഘം സജീവമാകുമെന്നും ജനം ജാഗ്രതയോടെ ഇരിക്കണമെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. പകൽ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കി വയ്ക്കുകയും രാത്രിയിലെത്തി കവർച്ച നടത്തുകയുമാണ് കുറുവ സംഘത്തിന്റെ രീതി. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങൾ കുറവുള്ള വീടുകളും പുറകുവശത്തെ വാതിലുകൾ ദുർബലമായ വീടുകളും മോഷണത്തിനായി തിരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകൾ ലക്ഷ്യംവയ്ക്കില്ല. വളരെ നിർഭയരായാണ് സംഘം വരുന്നതെന്ന് പൊലീസ് പറയുന്നു.
രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സിസിടിവി ക്യാമറകൾ മോഷണ സംഘം കാര്യമാക്കാറില്ല. അമിത ആത്മവിശ്വാസത്തിലാണ് പ്രവർത്തനം. ഇതെല്ലാം നോക്കുമ്പോൾ കുറുവ സംഘമാണെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. കുറുവകൾ കൂട്ടമായി വന്ന് സംഘങ്ങളായി തിരിയും. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധാരണ താമസിക്കുന്നതെന്നും പൊലീസ് പറയുന്നു.