ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അപകടം; 5 പേർ മരിച്ചു

ആലപ്പുഴ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കളർക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. 2 പേരുടെ നില ഗുരുതരമാണ്. കളർക്കോട് ചങ്ങനാശ്ശേരി ജങ്ഷനിലാണ് അപകടം. ഏഴ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം.
ഗുരുവായൂരില്‍ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ടവേര കാർ ഇടിച്ചു കയറുകയായിരുന്നു. കായംകുളം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. യുവാക്കളെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ബസിലെ യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴയിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിനിടെയാണ് രാത്രി 9.30യോടെ അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരടക്കമുള്ളവർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നല്ല മഴയായിരുന്നു. വലിയ ശബ്ദം കേട്ടാണ് ഓടി വന്നത്. അപകടത്തിൽപ്പെട്ടത് വിദ്യാർഥികളാണെന്നാണ് നിഗമനം’, അപകടത്തിനു സാക്ഷിയായ കേരള സർവകലാശാലയിലെ പിജി വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു