എല്ലാവരും ഡ്യൂട്ടിയില്‍ പ്രവേശിച്ചു: വിശദീകരണം നൽകി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍
കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ജീവനക്കാര്‍. മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ ഇന്ന് റദ് ചെയ്തു. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ സമരം കഴിഞ്ഞിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനങ്ങള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയിൽ പോയതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവിന് അപേക്ഷിക്കുകയായിരുന്നു. ഇതുമൂലം നിരവധി ആഭ്യന്തര-അന്താരാഷ്‌ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.