അയ്യപ്പസംഗമത്തിനെതിരെ ഗവര്‍ണര്‍

കോഴിക്കോട്: അയ്യപ്പസംഗമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദ്യമുന്നയിച്ചു. ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് നവരാത്രി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.കേരളത്തിലെ ചിലര്‍ നിലപാട് ഇല്ലാതെ ചാടിക്കളിക്കുകയാണ്. കേരളത്തില്‍ ചിലര്‍ ഗുരുപൂജയേയും ഭാരതമാതാവിനേയും എതിര്‍ക്കുന്നു. അവര്‍ അയ്യപ്പഭക്തരായി നടിക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരത്തെ എതിര്‍ക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ പെട്ടെന്നാണ് അയ്യപ്പഭക്തരായത്. അവര്‍ക്ക് ഈ സംസ്‌കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കില്‍ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.