3.15 മണിക്കൂറില്‍ കുഞ്ഞ് ആലിന്‍റെ അവയവങ്ങള്‍ തിരുവനന്തപുരത്ത്

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍ നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകാന്‍ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന്‍ ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഏഴരയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു ആംബുലൻസിലെ ഡ്രൈവർ.
മസ്തിഷ്‌ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന്‍ ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്.
