അക്ഷയ് കുമാറിന്റെ ‘സര്‍ഫിര’ കാണാന്‍ ഓഫറുമായി നിർമാതാക്കള്‍
അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിര’യ്ക്ക് ആളുകള്‍ കയറാതായതോടെ സമൂസയും ചായയും സൗജന്യമായി തരാമെന്ന് നൽകി പുതിയ ഓഫറുമായി നിർമാതാക്കള്‍. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ 11.85 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. 80 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആദ്യദിനം ലഭിച്ചത് വെറും 2 കോടിയാണ്. മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് മൂവീസിന്റെ ഒഫീഷ്യല്‍ എക്‌സ് പേജിലാണ് രണ്ട് സമൂസയും ഒരു ചായയും ‘സര്‍ഫിര കോമ്പോ’ എന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫര്‍ ഇത് മാത്രമല്ല ചിത്രത്തിന്റെ ഒരു മെര്‍ച്വന്റെസ് സൗജന്യമായി ലഭിക്കും. സര്‍ഫിരയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കലക്‌ഷനാണിത്. സര്‍ഫിരയ്ക്ക് മുമ്പ് തിയറ്ററിലെത്തിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വന്‍ പരാജയമായി മാറിയിരുന്നു. 350 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷന്‍. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു. സുധ കൊങ്കരയുടെ തമിഴ് ചിത്രം സൂരറൈ പോട്രിന്റെ റീമേക്ക് ആണ് സര്‍ഫിര. ചിത്രത്തില്‍ പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.