അഖിലിന്റെ അരുംകൊല; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. 4 പേർക്കായി തെരച്ചിൽ തുടരുന്നു. 2019 കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തെ തുടർന്നുള്ള പ്രതികാരമാണ് ഇവരെ അരുംകൊലയിലെത്തിചെതെന്ന് പൊലീസ് വ്യക്തമാക്കി.
മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ ആണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കരമന മരുതൂർ കടവിലായിൽ കൊല്ലപ്പെട്ടത്. യുവാവിനെ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. കേസില്‍ പിടിയിലാകാനുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
കഴിഞ്ഞ മാസം 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കമാണ് അഖിലിന്റെ കൊലപാതകത്തിന് കാരണമായത്. കൊല്ലപ്പെട്ട അഖിൽ അടക്കം എട്ട് പേര്‍ അടങ്ങുന്ന സംഘവും പ്രതികളും തമ്മിലായിരുന്നു തർക്കമുണ്ടായത്. ബാറിൽ വഴി അടഞ്ഞ് നിന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങുന്നത്. കൊല്ലപ്പെട്ട അഖിലിന്റെ സംഘവും പ്രതികളും തമ്മിൽ അന്നും അടിയുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.