അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത് : സമരനായകനെ ഒരുനോക്ക് കാണാന്‍ ജനസാഗരം

0
VS

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനം തുടങ്ങി. ആശുപത്രിയില്‍ നിന്നും എകെജി സെന്ററില്‍ എത്തിച്ച പ്രിയ സഖാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ജനസാഗരങ്ങളാണ് തലസ്ഥാനനഗരിയില്‍ ഒഴുകിയെത്തുന്നത്. കണ്ണേ, കരളേ വിഎസ്സേ… ജീവിക്കുന്നു ഞങ്ങളിലൂടെ.. ഇല്ല.. ഇല്ല… മരിക്കുന്നില്ല തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് നേതാക്കളും അനുയായികളും വിഎസിന് അശ്രുപൂജയര്‍പ്പിക്കുന്നത്.

എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി പുതപ്പിച്ചു. മകന്‍ അരുണ്‍ കുമാര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ എകെജി സെന്ററിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാക്കളില്‍ ജീവിച്ചിരുന്ന ഒരേ ഒരാളുമായ വിഎസ് അച്യുതാനന്ദന്‍ ഇന്ന് വൈകിട്ട് 3.20നാണ് വിടവാങ്ങിയത്. തിരുവനന്തപുരം എസ്യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി.

എകെജി സെന്ററിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒന്‍പത് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിന് കൊണ്ടുപോകും. ഉച്ചയ്ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *