അക്ബറും, സീതയുമല്ല … ഇനി മുതൽ സൂരജും, തനായയും
കൊൽക്കത്ത: പേരു വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്, തനായ എന്നാക്കാനാണ് ശുപാർശ. കേന്ദ്ര മൃഗശാല അതോറിറ്റിക്കാണ് പേരുകള്‍ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയത്.
ഇനി കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിച്ചാൽ പേരുമാറ്റം ഔദ്യോഗികമാകും. കോൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഫെബ്രുവരിയിലാണ് ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. സിലിഗുരി സഫാരി പാർക്കിലെ അക്ബർ എന്ന ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു വിഎച്ച്പി ഘടകം നൽകിയ ഹർജി. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നുമായിരുന്നും ഹര്‍ജിയിലുണ്ടായിരുന്നു. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് 2 സിംഹങ്ങളെയും കൊണ്ടുവന്നത്. എന്നാൽ ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്‍ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.