വയനാട്ടിലെ കാട്ടാന ആക്രമണം: ആലോചന യോഗം ചേരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം ഗുരുതരമായി തന്നെ നോക്കി കാണുന്നുവെന്നും ആലോചനയോഗം ഉടൻ ഉണ്ടാകുമെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കർണാടക വനം വകുപ്പിന്റെ വീഴ്ചയെ കുറിച്ച് ഇപ്പോൾ പറയാനാകില്ല എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിന്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ആനയെ പിടികൂടാനുള്ള തീരുമാനം ആലോചിച്ച് എടുക്കും. സ്വാഭാവിക നടപടികൾ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന് കരുതുന്നില്ല കർണാടകയുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു