അമ്മാവൻ ശരദ് പവാറിന് നേരിട്ട് ജന്മദിനാശംസകൾ നേർന്ന് അജിത് പവാർ
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിൻ്റെ 84-ാം ജന്മദിനത്തിൽ മരുമകനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ന്യൂഡൽഹിയിലെ വസതി സന്ദർശിച്ച് ആശംസകൾ നേർന്നു . മുതിർന്ന എൻസിപി നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ, ഭാര്യ സുനേത്ര, മൂത്ത മകൻ പാർത്ഥ് എന്നിവരോടൊപ്പം ശരദ് പവാറിൻ്റെ ദില്ലിയിലെ ഔദ്യോഗിക വസതി സന്ദർശിച്ചാണ് ആശംസകൾ നേർന്നത് 2023 ജൂലൈയിലെ എൻസിപി പിളർപ്പിന് ശേഷം ആദ്യമായാണ് പവാറിൻ്റെ ജന്മദിനത്തിൽ അജിത് വ്യക്തിപരമായി ആശംസകൾ നേരുന്നത് .
“ചില ബന്ധങ്ങൾ രാഷ്ട്രീയത്തിന് അതീതമാണ്. രാഷ്ട്രീയം എന്നത് വെറും വിമർശനം മാത്രമല്ല. യശ്വന്തറാവു ചവാൻ (മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി) സംസ്കാരമുള്ള രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന് ഞങ്ങളെയൊക്കെ പഠിപ്പിച്ചിട്ടുണ്ട് . അതാണ് ഞങ്ങൾ പിന്തുടരുന്നത് . ” പവാറിനെ കണ്ടതിന് ശേഷം അജിത് മാധ്യമങ്ങളോട് പറഞ്ഞു.
“പർഭാനി അക്രമം മുതൽ പാർലമെൻ്റ് തടസ്സപ്പെടുത്തൽ, സംസ്ഥാന മന്ത്രിസഭാ വിപുലീകരണം തുടങ്ങി നിരവധി വിഷയങ്ങളിൽ ഞങ്ങൾ പൊതുവായ ചർച്ചകൾ നടത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബ സന്ദർശനാം മാത്രമാണിതെന്ന് അജിത്തിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പവാറിൻ്റെ ചെറുമകൻ യുഗേന്ദ്ര പറഞ്ഞു.പവാറിനെ സന്ദർശിക്കുന്നതിനു മുമ്പ്, സാമൂഹ്യമാധ്യമങ്ങളിലൂടെ അജിത് തൻ്റെ രാഷ്ട്രീയ ഗുരുവായ അമ്മാവന്ആശംസകൾ നേർന്നിരുന്നു .എൻസിപി നേതാക്കളെ അറിയിക്കാതെയാണ് പവാറിൻ്റെ വസതിയിലെത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മേധാവിയുടെ ജന്മദിനം ആഘോഷിക്കാൻ പാർട്ടി ഒരു പദ്ധതിയും തയ്യാറാക്കാത്തത് ഇതാദ്യമാണ്.
അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനാണ് ഞങ്ങൾ എപ്പോഴും വരുന്നത്, ഇത്തവണയും സാഹബിൻ്റെ അനുഗ്രഹം തേടിയാണ് ഞങ്ങൾ വന്നതെന്ന് പവാറിനെ കണ്ടതിന് ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു.
വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഡൽഹിയിലെത്തി
പ്രധനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ എന്നിവരെ കണ്ട് ചർച്ച ചെയ്യാനിരിക്കെയാണ് അജിത്പവാർ എൻസിപി സംഘത്തോടൊപ്പം തസ്ഥാനത്ത് എത്തിയിരിക്കുന്നത്.