ശരദ് പവാറിൻ്റെ മുഖത്തെകുറിച്ചുള്ള പരാമർശം: ബിജെപി നേതാവിനെതിരെ അജിത് പവാർ.
മുംബൈ:എൻസിപി (SP) നേതാവ് ശരദ് പവാറിൻ്റെ മുഖത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ ബിജെപി നേതാവും മഹായുതി സഖ്യകക്ഷിയുമായ സദാഭൗ ഖോട്ടിനെ എൻസിപി തലവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ അപലപിച്ചു. നേരത്തെ സാംഗ്ലിയിലെ ജാട്ടിൽ നടന്ന ഒരു റാലിയിൽ സംസാരിച്ച ഖോട്ട്, “മഹാരാഷ്ട്രയെ തൻ്റെ മുഖം പോലെയാക്കാൻ പവാർ ഉദ്ദേശിച്ചിരുന്നോ” എന്ന് ചോദ്യം ഉന്നയിച്ചിരുന്നു. – ഇത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തി.
അജിത് പവാർ ഔപചാരികമായ പ്രസ്താവനയിൽ വിയോജിപ്പ് പ്രകടിപ്പിച്ചു, അഭിപ്രായങ്ങൾ അനാദരവും അനുചിതവുമാണെന്ന് അദ്ദേഹം പറഞ്ഞു .
“ഇത്തരം താഴ്ന്ന തലത്തിലുള്ള വ്യക്തിഗത ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഇത് മഹാരാഷ്ട്രയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പേരിലും വ്യക്തിപരമായും ഈ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുന്നു. ഭാവിയിൽ പവാർ സാഹിബിനെതിരെ ഇത്തരം വ്യക്തിപരമായ പരാമർശങ്ങൾ എൻസിപി വെച്ചുപൊറുപ്പിക്കില്ല.”
അജിത് പവാർ ഓർമ്മിപ്പിച്ചു.
ബിജെപി സ്ഥാനാർത്ഥി ഗോപിചന്ദ് പദാൽക്കറിന് വേണ്ടി പ്രചാരണത്തിനെത്തിയ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഒരു പരിപാടിക്കിടെയാണ് മുൻ സഹമന്ത്രിയും നിലവിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ഖോട്ട് വിവാദ പരാമർശം നടത്തിയത്. തൻ്റെ പ്രസംഗത്തിനിടെ ഖോട്ട് അഭിപ്രായപ്പെട്ടു, “മഹാരാഷ്ട്രയുടെ മുഖം മാറ്റാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ശരദ് പവാർ അവകാശപ്പെടുന്നു. മഹാരാഷ്ട്രയെ സ്വന്തം മുഖം പോലെയാക്കാനാണോ?..”
ഈ പ്രസ്താവനയ്‌ക്കെതിരെ എൻസിപി (ശരദ് പവാർ വിഭാഗം) സംസ്ഥാന പ്രസിഡൻ്റ് ജയന്ത് പാട്ടീലും, അപലപിച്ചു. ചില മഹായുതി നേതാക്കളുടെ “വികലമായ മാനസികാവസ്ഥ” പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ആക്ഷേപങ്ങൾ ” എന്ന് അദ്ദേഹം പറഞ്ഞു.
ഒരു പരിപാടിക്കിടയിൽ ശരദ് പവാറും അജിത് പവാറും പരസ്പ്പരം പ്രശംസിച്ചതിനെ ശേഷമാണ് ഈ വിവാദംഉണ്ടായത്.ബാരാമതിയിലെ അജിത്തിൻ്റെ പ്രവർത്തനങ്ങളെ എൻസിപി നേതാവ് അഭിനന്ദിച്ചപ്പോൾ, ഈ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളിൽ സംശയമില്ലെന്ന് അജിത് പവാറും പറഞ്ഞു.
ഈ സംഭവം സംസ്ഥാന രാഷ്ട്രീയത്തിലെ മുന്നണികൾക്കുള്ളിലെ ഭിന്നതയെ കൂടുതൽ ഉയർത്തിക്കാട്ടുകയാണ്.പ്രത്യേകിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യവും എ ൻസിപിയും തമ്മിലുള്ള നിലവിലുള്ള അന്തർ സംഘർഷങ്ങളുടെ പിരിമുറുക്കം ഇത് കൂടുതൽ രൂക്ഷമാക്കുന്നു.