അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം പദ്ധതി
യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം ബന്ധിപ്പിക്കുന്നു. കേന്ദ്ര റെയില്‍വേമന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ജല്‍നമുതല്‍ ജല്‍ഗാവുവരെ നീളുന്ന 174 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിച്ചാണ് അജന്തയെ ബന്ധിപ്പിക്കുന്നത്. അജന്ത ഗുഹകളെ ബന്ധിപ്പിച്ചുള്ള പുതിയപാത മറാത്തവാഡയുടെ വികസനത്തിന് വേഗംപകരുമെന്ന് മന്ത്രി വ്യക്തമാക്കി.
അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ്. മുന്‍പ് ഔറംഗാബാദ് ജില്ലയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. നിര്‍ദിഷ്ടപാതയുടെ 23.5 കിലോമീറ്ററോളം തുരങ്കമായിരിക്കും. 935 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും.
അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അജന്തയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് എല്ലോറ. ബി.സി. രണ്ടാംനൂറ്റാണ്ടുമുതല്‍ 480 വരെയുള്ള കാലഘട്ടത്തില്‍ പാറകള്‍തുരന്നുണ്ടാക്കിയതാണ് അജന്ത ഗുഹകളെന്ന് അനുമാനിക്കുന്നു. 29 പാറകള്‍ വെട്ടിയാണ് അജന്ത ഗുഹകള്‍ സ്ഥാപിച്ചത്.
അജന്ത ഗുഹകള്‍
പശ്ചിമഘട്ട മലനിരകളില്‍, ഒരു കുതിര ലാടത്തിന്റെ ആകൃതിയില്‍ 250 അടി ഉയരത്തില്‍ മുപ്പതോളം ഗുഹകള്‍. അതാണ് മഹത്തായ അജന്ത ഗുഹാ ക്ഷേത്രങ്ങള്‍. ബുദ്ധമതം ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ കാലത്ത് നിര്‍മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമത്രെ ഈ ഗുഹകള്‍. അഞ്ച് ചൈത്യഗൃഹങ്ങളും ബാക്കി വിഹാരങ്ങളും. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടു വരെ ഏകദേശം ആയിരം വര്‍ഷങ്ങള്‍ കൊണ്ടായിരിക്കാം ഇവ പണിതതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനം.
അജന്താ ഗുഹകളില്‍ 16 എണ്ണത്തില്‍ ചുവര്‍ ചിത്രങ്ങള്‍ കാണാം. കാലപ്പഴക്കത്തില്‍ പല ചിത്രങ്ങളും മാഞ്ഞു തുടങ്ങിയിട്ടുങ്കിലും നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചിത്രങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. എല്ലാ ഗുഹകളിലും ശ്രീബുദ്ധന്റെ പലരീതിയിലുള്ള ശില്‍പങ്ങളും കാണാം. ചില ഗുഹകളില്‍ ജൈന പ്രതിമകളുമുണ്ട്. കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലെ ‘വടക’ രാജവംശത്തിലെ ഹരിസേന എന്ന രാജാവിന്റെ കാലത്താണ് അജന്താ ഗുഹകളുടെ നിര്‍മ്മാണം തുടങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഔറംഗാബാദില്‍ നിന്നും 102 കിലോമീറ്റര്‍ അകലെയാണ് അജന്ത ഗുഹകള്‍.