600 വർഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്നത്; ഐശ്വര്യ റായിയെ കുറിച്ച് ജ്യോത്സ്യന്‍
ബോളിവുഡിന്‍റെ താരറാണിയാണ് ഐശ്വര്യ റായ്. ഫാഷന്‍ റാമ്പില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ ഐശ്വര്യയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായി തുടരുന്ന ഐശ്വര്യയും കുടുംബവുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ ഞൊടിയിട കൊണ്ടാണ് വൈറല്‍ ആകാറുള്ളത്. അത്തരത്തിലൊന്നാണ് അഭിഷേക് ബച്ചനും ഐശ്വര്യയും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത. ഫങ്ഷനുകളിലും മറ്റും ഇരുവരും ഒന്നിച്ച് വരാത്തതും ഒരുമിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡികളില്‍ പങ്കുവയ്ക്കാത്തതുമാണ് ഈ പ്രചാരണത്തിന് കാരണം. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല.
അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വേര്‍പിരിയല്‍ ചര്‍ച്ചകള്‍ വളരെ സജീവമായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ജ്യോത്സ്യന്‍റെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. ചന്ദ്രശേഖർ സ്വാമികള്‍ എന്ന ജ്യോത്സ്യന്‍റേതാണ് വാക്കുകള്‍. എന്നും ഒന്നിച്ച് ജീവിക്കാൻ ദൈവമായി ഒരുമിപ്പിച്ച ദമ്പതികളാണ് ഐശ്വര്യയും അഭിഷേകും എന്നാണ് ഇദ്ദേഹം പറഞ്ഞത്.
ഐശ്വര്യയുടെ ജാതകത്തില്‍ കുജദോഷവും രാജയോഗവും ഉണ്ടെന്നും ഇത് 600 വർഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂർവതയാണെന്നും ചന്ദ്രശേഖർ സ്വാമി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങളുടെ വിവാഹത്തിന് മുന്‍പായിരുന്നു ഇക്കാര്യങ്ങള്‍ സ്വാമികള്‍ പറഞ്ഞത്. ബച്ചന്‍ കുടുംബത്തിലേക്ക് ഐശ്വര്യ വരുന്നത് ഗുണകരമാകുമെന്നും കരിയറില്‍ ഉയര്‍ച്ച ഉണ്ടാകുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.
അതേസമയം, ഐശ്വര്യയുമായി ബന്ധം വേര്‍പെടുത്തുന്നുവെന്ന് അഭിഷേക് പറയുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് എ ഐ വീഡിയോ ആണ്. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു വീഡിയോ. പൊന്നിയിന്‍ സെല്‍വന്‍ ആയിരുന്നു ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. മണിരത്നം ആയിരുന്നു സംവിധാനം.