വെടിവയ്ക്കാന്‍ ആറുമാസത്തെ തയാറെടുപ്പ്; ഷിനിയുടെ കയ്യിൽനിന്നു രക്തം ചിതറിയതു കണ്ട് ദീപ്തി പതറി

0

തിരുവനന്തപുരം : നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ നിർണായകമായതു നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും സൈബർ സെൽ വഴി ലഭിച്ച വിവരങ്ങളും. കാറു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും സഹായകമായി. പ്രതിയായ ഡോ.ദീപ്തി മോൾ ജോസ് കൊല്ലത്തേക്കാണു പോയതെന്നു സംഭവം നടന്നു രണ്ടാം ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കല്ലമ്പലം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽനിന്ന് ഇന്നലെ ഉച്ചയോടെയാണു പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്.

നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിലുള്ള വ്യാജ നമ്പർ പതിച്ച കാർ ആരുടേതെന്നു കണ്ടെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. വനിതാ ഡോക്ടറുടെ ഫോൺ നമ്പർ കണ്ടെത്തി സൈബർ സെൽ പരിശോധിച്ചു. ഷിനി, ഭർത്താവ് സുജീത് എന്നിവരുടെ ഫോൺ കോളുകളും പരിശോധിച്ചിരുന്നു. ഇതിൽനിന്നു വനിതാ ഡോക്ടറുമായി ഇവർക്കു മുൻപരിചയമുണ്ടെന്നു മനസ്സിലാക്കിയതോടെ ഡോക്ടർ തന്നെയാണു പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.

വ്യാജ നമ്പർ പതിച്ച കാറിലെത്തി ഷിനിയെ ആക്രമിച്ചശേഷം ചാക്ക വഴിയാണ് പ്രതി രക്ഷപ്പെട്ടത്. കുളത്തൂർ, കഴക്കൂട്ടം, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ആറ്റിങ്ങൽ, കല്ലമ്പലം തുടങ്ങി സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകളിൽനിന്നു പത്തിലേറെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സംഭവ ദിവസം രാവിലെ കൊല്ലം ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു കാർ സഞ്ചരിച്ച വഴികളിലെ ക്യാമറകളും പൊലീസ് ശേഖരിച്ചു. രണ്ടു ടീമുകളായി തിരിഞ്ഞ് ഇരുന്നൂറോളം നിരീക്ഷണ ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്.

ദീപ്തി ആക്രമണം നടത്തിയത് ആറുമാസത്തെ തയാറെടുപ്പിനൊടുവിലാണ്. സുജീത്തിന്റെ വീട് നേരത്തേ അറിയാമായിരുന്ന ദീപ്തി മാസങ്ങൾക്കു മുൻപ് പലതവണ ഇവിടെയെത്തി വീടും പരിസരവും നിരീക്ഷിച്ചു. വീട്ടിൽ പതിവായി കുറിയർ വരുന്നുണ്ടെന്നു മനസ്സിലാക്കിയത് ഇങ്ങനെയാണ്. എൻഎച്ച്എം ഉദ്യോഗസ്ഥയായ ഷിനി വീട്ടിലുള്ള ദിവസമായതിനാലാണ് ഞായറാഴ്ച ആക്രമണത്തിനു തിരഞ്ഞെടുത്തത്.

പ്രധാന റോഡിൽനിന്ന് ഏകദേശം 250 മീറ്റർ ഉള്ളിലേക്ക് കയറിയാണു വീട്. ഇടവഴിയിലൂടെ കാറിലെത്തിയ പ്രതി വാഹനം ഇവിടെ നിർത്തിയശേഷം വീട്ടിലേക്കു നടന്നു ചെന്നു. ഒരു കാറിനു മാത്രമേ ഒരേസമയം ഇതുവഴി കടന്നുപോകാനാകൂ. വാഹനവുമായി രക്ഷപ്പെടാൻ കണക്കാക്കി കൃത്യമായ സ്ഥലത്തായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. 5 പെല്ലറ്റ് ഇവർ കരുതിയിരുന്നു. ഇതിൽ മൂന്നെണ്ണം ഉപയോഗിച്ചു. ഷിനിയുടെ കയ്യിൽനിന്നു രക്തം ചിതറിയതു കണ്ട് ഇവർ പതറുകയും ലക്ഷ്യം ഉപേക്ഷിച്ചു കടന്നുകളയുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു.

പൊലീസ് പറഞ്ഞത്: ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജീത്തും തമ്മിൽ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഭാര്യ ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിനു പദ്ധതിയിട്ടത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിന്റെ നമ്പർ ഉപയോഗിച്ചു വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്തു നിന്നു വെടിയുതിർത്താൽ കൊലപ്പെടുത്താമെന്നു കരുതിയാണ് കുറിയർ നൽകാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു.

ഞായറാഴ്ച രാവിലെ ഒറ്റയ്ക്കു കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്നിൽ എത്തി കൃത്യം നടത്തി അതേ കാറിൽ ചാക്ക ബൈപാസ് വഴി രക്ഷപ്പെട്ടു. സംഭവം കഴിഞ്ഞ്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന മാധ്യമവാർത്ത മനസ്സിലാക്കിയ ദീപ്തി പിടിയിലാകില്ലെന്നു കരുതി വീട്ടിലേക്കു പോയി. പിന്നീട് വ്യാജ നമ്പർ പതിച്ച കാറിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

പൾമനോളജിയിൽ എംഡി എടുത്തശേഷം ക്രിട്ടിക്കൽ കെയർ സ്പെഷൽറ്റിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അഞ്ചു മാസത്തിലേറെ മുൻപാണ് ആശുപത്രിയിൽ ചേർന്നതെന്നും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഞായർ രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. ഷിനിയുടെ വീട്ടിലെത്തിയ ദീപ്തി എയർ പിസ്റ്റൾ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിർത്തു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയിൽ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി ഇന്നലെ ആശുപത്രിവിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *