എയര്‍ കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി

0

ദുബയ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയര്‍കേരളയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ് ഫ്‌ളൈ ഏവിയേഷനു സര്‍വിസ് നടത്താന്‍ കേന്ദ്ര വ്യോമയാന എന്‍ഒസി ലഭിച്ചതായി സെറ്റ് ഫ്‌ളൈ ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഭ്യന്തര സര്‍വിസ് തുടങ്ങാനാണ് കേന്ദ്ര എന്‍ഒസി ലഭിച്ചത്. എയര്‍കേരള യാഥാര്‍ഥ്യമാവുന്നതിലൂടെ കേരളത്തിന്റെ ടൂറിസം ട്രാവല്‍ രംഗത്ത് ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ തന്നെ അറുതിവരുമെന്നും സെറ്റ് ഫ്‌ലൈ ഏവിയേഷന്‍ വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട പറഞ്ഞു

ആദ്യഘട്ടത്തില്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വിസ് നടത്തുക. ഇതിനായി 3 എടിആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിര്‍മാതാക്കളില്‍ നിന്ന് വിമാനങ്ങള്‍ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. കമ്പനി സിഇഒ ഉള്‍പ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉചിതമായ സമയത്തുണ്ടാവും. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. 25 വര്‍ഷത്തെ എയര്‍ലൈന്‍ ട്രാവല്‍ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാര്‍ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരു വിമാന കമ്പനി എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകള്‍ ഇതിനുണ്ട്. എയര്‍കേരള (airkerala.com) എന്ന ബ്രാന്‍ഡിലാവും കമ്പനി സര്‍വീസുകള്‍ നടത്തുകയെന്നും അഫി അഹമ്മദ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *