വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യക്കു ശ്രമിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാരില്‍ ഒരാള്‍ ആത്മഹത്യക്കും ശ്രമിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നു മസ്‌കറ്റിലേക്കു പോകേണ്ട വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പ്രദീപ് എന്ന യാത്രക്കാരന്‍ ആത്മഹത്യക്കു ശ്രമിച്ചത്.
വിസ കാലാവധി വെള്ളിയാഴ്ചയോടെ തീരുന്ന ഇദ്ദേഹത്തിന് വ്യാഴാഴ്ചത്തെ വിമാനത്തില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി വരെ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മസ്‌ക്കറ്റിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്ന പ്രദീപ് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനം റദ്ദാക്കിയതിനാല്‍ ടിക്കറ്റ് വ്യാഴാഴ്ചത്തേക്കു മാറ്റി നല്‍കുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച എത്തിയപ്പോഴും യാത്ര റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്.
തുടര്‍ന്ന് പുറത്തേക്ക് പോയ പ്രദീപ് കുപ്പിയില്‍ പെട്രോള്‍ വാങ്ങി വന്ന് ടെര്‍മിനലിനു മുന്നിലെ എയര്‍ ഇന്ത്യയുടെ ഓഫിസിനു മുന്നിലെത്തി ആത്മഹത്യാഭീഷണി മുഴക്കി. ചുറ്റുമുണ്ടായിരുന്നവര്‍ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു മേയ് 15ലേക്കാണ് ഇപ്പോൾ ടിക്കറ്റ് മാറ്റി നല്‍കിയിരിക്കുന്നത്. വിസ കാലാവധിയില്‍ ഇടപെടല്‍ നടത്താമെന്ന ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയും അറിയിച്ചു.