എയർഇന്ത്യ വിമാന അപകടം :പൈലറ്റ് സുമീത് സഭർവാളിനെ പ്രതിസ്ഥാനത്ത് നിർത്തി അമേരിക്കൻ മാധ്യമം

വാഷിങ്ടൺ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തില്‍ പ്രധാന പൈലറ്റായിരുന്ന സുമീത് സഭർവാളിലേക്ക് വിരൽ ചൂണ്ടി അമേരിക്കൻ മാധ്യമമായ വാൾ സ്‌ട്രീറ്റ് ജേണല്‍. വിമാന എഞ്ചിനിലേയ്ക്കുളള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ക്യാപ്റ്റൻ ഓഫ് ചെയ്‌തതായി സൂചനയുണ്ടെന്ന് വാൾ സ്‌ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോർട്ട്.
വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് നിഗമനങ്ങളിലേയ്ക്ക് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാനം പറന്നുയർന്ന് അൽപ സമത്തിനകം ഇന്ധന സ്വിച്ച് ഓഫ് ചെയ്‌തത് എന്തിനെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിച്ചിരുന്നതായി കോക്‌പിറ്റ് സംഭാഷണത്തിൽ വ്യക്തമായിരുന്നു. സഹ പൈലറ്റായ ക്ലൈവ് കുന്ദർ ആദ്യം ആശ്ചര്യപ്പെടുകയും തുടർന്ന് പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പ്രധാന പൈലറ്റായിരുന്ന സുമീത് സഭർവാൾ യാതൊന്നും പ്രതികരിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൻ്റെ എഞ്ചിനിലേയ്ക്കുളള ഇന്ധന ഒഴുക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്ന് എഎഐബി പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി), സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറൽ, സിവിൽ ഏവിയേഷൻ മന്ത്രാലയം, ബോയിങ് വിമാന കമ്പനി, എയർ ഇന്ത്യ തുടങ്ങിയവർ റിപ്പോർട്ടില്‍ പ്രതികരിച്ചിട്ടില്ല. ബോയിങ് വിമാനങ്ങളിലെ സുരക്ഷാ വീഴ്‌ചയെ ചൂണ്ടിക്കാട്ടി ഇന്ത്യൻ എയർ ക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചിൻ്റെ ലോക്കിങ്ങിൽ പരിശോധനകൾ പൂർത്തീകരിച്ചതാണെന്ന് എയർ ഇന്ത്യ പറഞ്ഞു.
2025 ജൂൺ 12 നാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 വിമാന അപകടത്തിൽപ്പെടുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും ഏഴ് പോർച്ചുഗീസുകാരും ഉൾപ്പെടെ 241 പേർ മരിച്ചിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് മാത്രമാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വിമാനം അപകടത്തിൽപ്പെട്ട കാഴ്ചയുണ്ടാക്കിയ ട്രോമയിൽ നിന്ന് വിശ്വാസ് കുമാർ ഇതുവരെ മുക്തനായിട്ടില്ല. അദ്ദേഹം ഇപ്പോൾ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടുകയാണെന്നാണ് റിപ്പോർട്ട്.വിശ്വാസിനൊപ്പം അന്നത്തെ യാത്രയിൽ സഹോദരൻ അജയ്‌യും ഉണ്ടായിരുന്നു. അപകടത്തിൽ അജയ് മരിച്ചു. വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകളും സഹോദരന്റെ മരണവും വിശ്വാസിന്റെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.