എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ : കാമുകൻ അറസ്റ്റിൽ.
മുംബൈ : തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27) പവായ് പോലീസ് അറസ്റ്റ് ചെയ്തു.
ആദിത്യ, സൃഷ്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായും ഇത് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഗോരഖ്‌പൂർ സ്വദേശികളായ യുവതിയുടെ കുടുംബം ആരോപിക്കുന്നുപൊതുസ്ഥലത്ത് വെച്ച് മകളെ അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കുന്നതിൽ നിന്ന് തടയുകയും കൈയേറ്റം ചെയ്തുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കുടുംബം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു .
തിങ്കളാഴ്ച പുലർച്ചെ അന്ധേരിയിലെ , മാറോൾ പോലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പണ്ഡിറ്റിൻ്റെ ശല്യം കാരണം അവൾ മാനസികമായി തകർന്നിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പണ്ഡിറ്റ് പൈലറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നെങ്കിലും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.