ഒത്താൽ മികച്ച ലാഭം, കൈവിട്ടുപോയാൽ കനത്ത നഷ്ടം ;‘ഇഞ്ചിക്കൃഷിയെന്ന ചൂതാട്ട’ത്തിൽ വീണത് നിരവധി കർഷകർ

0

കൽപറ്റ :  ചൊവ്വാഴ്ച വൈകിട്ടാണ് അമ്പലവയല്‍ മാളിക സ്വദേശി ചേലക്കാട് മാധവനെ കാണാതായത്. തിരച്ചിലിനൊടുവിൽ, ബുധനാഴ്ച ഉച്ചയോടെ കൃഷിയിടത്തിൽ കണ്ടെത്തിയത് അറുപത്തിനാലുകാരനായ മാധവന്റെ ജീവനറ്റ ശരീരമാണ്. വിഷം ഉള്ളിൽച്ചെന്നതാണു മരണകാരണമെന്നു പൊലീസ് റിപ്പോർ‌ട്ടിൽ. പല ബാങ്കുകളിലായി ലക്ഷങ്ങളായിരുന്നു കർഷകനായ മാധവനുള്ള ബാധ്യത. പൊതുസമൂഹത്തിന് മാധവന്റെ മരണം ‘കടം കയറി കർഷകൻ ജീവനൊടുക്കി’ എന്നൊരു വാർ‌ത്ത മാത്രമായേക്കാം.

പക്ഷേ കൃഷിനഷ്ടം മൂലം കടം കയറി നെഞ്ചിൽ തീയുമായി ജീവിക്കുന്ന എത്രയോ കർഷകർക്ക് അതൊരു പൊള്ളുന്ന ദുഃസ്വപ്നമാണ്. ഇഞ്ചിക്കൃഷിയിലുണ്ടായ കനത്ത നഷ്ടമാണു മാധവനെ ചതിച്ചതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഇഞ്ചിക്കൃഷി ചൂതാട്ടം പോലെയാണു കർഷകർ പറയുന്നു. ഒത്താൽ മികച്ച ലാഭം. കൈവിട്ടുപോയാൽ കനത്ത നഷ്ടവും.

ഇഞ്ചി കൃഷി ചെയ്ത് കോടീശ്വരൻമാരായവരും കടം കയറി നിവൃത്തിയില്ലാതെ ജീവനൊടുക്കിയവരും വയനാട്ടിൽ നിരവധിയാണ്. ഒരുകാലത്ത് വയനാട്ടിലും കർണാടകയിലും ഇഞ്ചിക്കൃഷി വ്യാപകമായിരുന്നു. തുടർച്ചയായി വിലയിടിഞ്ഞതോടെ കൃഷിക്കാർ അതുപേക്ഷിച്ചു. കുറച്ചു വർഷങ്ങളായി വില വീണ്ടും വർധിക്കാൻ തുടങ്ങിയതോടെ കർണാടകയിലും വയനാട്ടിലും കൃഷി സജീവമായി. അപ്പോഴാണ് കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങൾ വലിയ തിരിച്ചടിയായത്.

കനത്ത മഴയിൽ ഇഞ്ചി ചീയുകയും കൊടും വെയിലിൽ കരിയുകയും ചെയ്യുന്നതു വിളവിനെ വൻതോതിൽ ബാധിക്കുന്നു.ഇപ്പോൾ ഇഞ്ചി പുതിയതിന് ചാക്കിന് (60 കിലോ) 2000 രൂപയാണ് ശരാശരി വില. പഴയതിന് ചാക്കിന് 5000 രൂപയും. മുൻ വർഷങ്ങളിൽ പഴയ ഇഞ്ചിക്ക് ചാക്കിന് 15000 രൂപ വരെ വന്നിരുന്നു. എന്നാൽ അപ്പോൾ പലർക്കും വിളവുണ്ടായിരുന്നില്ല. വിളവെടുപ്പ് സമയത്ത് 4000–5000 രൂപയായിരുന്നു വില. അതിനാൽ വില വർധന കൃഷിക്കാർക്ക് ഉപകരിച്ചില്ല. എങ്കിലും വില വർധിക്കുമെന്ന പ്രതീക്ഷയിൽ പലരും കൃഷി തുടരുകയാണ്.

അതേസമയം, കർണാടക സ്വദേശികളും ഇഞ്ചിക്കൃഷി തുടങ്ങിയിട്ടുണ്ട്. ചെറുകിട കർഷകർ രണ്ടും മൂന്നും ഏക്കറിൽ കൃഷി ചെയ്യാൻ ആരംഭിച്ചു. ഇത് ഉൽപാദനം വർധിപ്പിക്കും. സ്വാഭാവികമായും വില ഇടിയാനുള്ള സാധ്യതയും വർധിക്കും. അതുകൊണ്ടൊക്കെ ഒരുതരത്തിൽ ചൂതാട്ടം പോലെയാണ് ഇഞ്ചിക്കൃഷി. അതിൽ വീണു പോയവരിൽ ഒടുവിലത്തെയാളാണ് അമ്പലവയലിലെ മാധവൻ.

കൃഷി കൂടുതലും കർണാടകയിൽവയനാട്ടിലേക്കാൾ ഇഞ്ചിക്കൃഷി കൂടുതൽ കർണാടകയിലാണ്. കുട്ട മുതൽ ഷിമോഗ വരെ വ്യാപിച്ചു കിടക്കുന്നു ഇഞ്ചിക്കൃഷിക്കളങ്ങൾ. ഇതിൽ ഭൂരിഭാഗവും മലയാളികളുടേതാണ്, അതിലേറെയും വയനാട്ടുകാരും. വയനാട്ടിൽനിന്നുള്ള കർഷകർ കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. സ്ഥലത്തിനു ചെറിയ പാട്ടത്തുകയും തുച്ഛമായ പണിക്കൂലിയും ജലലഭ്യതയുമെല്ലാമാണ് വയനാട്ടുകാരെ കർണാടകയിലേക്ക് ആകർഷിച്ചത്.

അക്കാലത്ത് കർണാടകയിൽ നൂറുകണക്കിന് ഹെക്ടർ സ്ഥലം തരിശായിക്കിടക്കുകയായിരുന്നു. അവിടെ ചെറിയ തോതിലാണ് പലരും കൃഷി തുടങ്ങിയത്. പിന്നീടതു നൂറു കണക്കിന് ഹെക്ടറിലേക്ക് വ്യാപിച്ചു.ഇഞ്ചിക്കൃഷിയിലെ ലാഭം കൊണ്ട് ജൂവലറികളും വമ്പൻ ടെക്സ്റ്റൈൽസ് ഷോറൂമുകളും വരെ തുടങ്ങിയവർ വയനാട്ടിലുണ്ട്. 2010 നു ശേഷം ഇഞ്ചിക്കൃഷി കുറഞ്ഞു. വിലയിടിവു തന്നെയായിരുന്നു പ്രധാന കാരണം.

തുടർച്ചയായി വിലത്തകർച്ചയുണ്ടായതോടെ കോടികൾ വരെ നഷ്ടം വന്നവരുണ്ട്. പാട്ടം വർധിച്ചതും കൂലി കൂടിയതും ജലലഭ്യത കുറഞ്ഞതും കൂടി തിരിച്ചടിയായതോടെ കൃഷിക്കാർ പതിയെ കർണാടക വിടാൻ തുടങ്ങി. വയനാട്ടിലും കൃഷി നാമമാത്രമായി.    കാലാവസ്ഥാ വ്യതിയാനം തിരിച്ചടിമൂന്നു വർഷം മുമ്പാണ് ഇഞ്ചിക്ക് വീണ്ടും വില കയറിത്തുടങ്ങിയത്. അതോടെ പലരും ഇ‍ഞ്ചിക്കൃഷിയിലേക്കു തിരിച്ചെത്തി.

പക്ഷേ കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോൾ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. കഴിഞ്ഞ തവണത്തെ വരൾച്ചയിൽ മിക്കവരുടെയും കൃഷി ഉണങ്ങിപ്പോയി. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും വലിയ പ്രതിസന്ധിയാണ്. കർണാടകയിൽ ഇപ്പോൾ കുഴൽക്കിണർ കുത്തിയാണു വെള്ളം കണ്ടെത്തുന്നത്. കൃഷിയാവശ്യത്തിനു വൈദ്യുതി ഉപയോഗിക്കുന്നത് 7 മണിക്കൂർ ആയിരുന്നതു കർണാടക സർക്കാർ 5 മണിക്കൂറായി കുറച്ചു.

അതിനാൽ കൃത്യമായ ഇടവേളകളിൽ നനയ്ക്കാനാവുന്നില്ല. പലരും ഡീസൽ മോട്ടർ വച്ചാണു വെള്ളം അടിക്കുന്നത്. ഇതു വൻ ചെലവാണ് വരുത്തി വയ്ക്കുന്നത്. മഴക്കാലത്തു കനത്ത മഴയിൽ കൃഷി ചീയുന്നതും വേനൽക്കാലത്തു കടുത്ത വെയിലിൽ കരിയുന്നതും ഭീഷണിയാണ്. ഇഞ്ചിക്കൃഷിയെന്ന ചൂതാട്ടംലോട്ടറിയെടുക്കുന്നതു പോലെയാണ് ഇഞ്ചിക്കൃഷിയെന്നു കർണാടകയിൽ കൃഷി ചെയ്യുന്ന പടിഞ്ഞാറത്തറ സ്വദേശി ഷാജി സെബാസ്റ്റ്യൻ പറയുന്നു.

ഒരു ഏക്കറിൽ കൃഷിയിറക്കാൻ ആറു ലക്ഷം രൂപ വേണം. അടുത്തകാലത്തു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥാ മാറ്റമാണ്. കടുത്ത വേനലിൽ കഴിഞ്ഞ വർഷത്തെ കൃഷി ഉണങ്ങിപ്പോയി. കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാണ് കൃഷി നനയ്ക്കുന്നത്. കുഴൽക്കിണർ പോലും പലപ്പോഴും വറ്റിപ്പോകും. അതേസമയം, ചില വർഷങ്ങളിൽ കനത്ത മഴ പെയ്യുന്നത് ഇഞ്ചി ചീഞ്ഞുപോകാനും കാരണമാകുന്നു.

മഹാളി രോഗമാണ് മറ്റൊരു പ്രധാന പ്രശ്നം. അതു ബാധിച്ചാൽ ഒരു പ്രദേശത്തെ മുഴുവൻ കൃഷിയും നശിക്കും. നല്ല വിളവുള്ളപ്പോൾ വിലയുണ്ടാകില്ല. വിളവെടുക്കാനുള്ള കൂലി പോലും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതോടെ ഇഞ്ചി പറിക്കാതെ ഉപേക്ഷിച്ചവരും നിരവധി. വിളവും വിലയും ഒത്തുവന്നാൽ ഇഞ്ചിക്കൃഷി വൻ ലാഭമാണ്. എന്നാൽ അത് അപൂർവമായേ സംഭവിക്കാറുള്ളുവെന്നും ഷാജി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *