ഗാസയിലേയും ഇസ്രായിലിലേയും തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ധാരണ: യുദ്ധം അവസാനിക്കുന്നു

0

ജെറുസലേം: ഗാസ മുനമ്പില്‍ തടവില്‍ കഴിയുന്ന ബന്ദികളെ വിട്ടയക്കാന്‍ ധാരണയായെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം ഉണ്ടായ ചില തടസങ്ങള്‍ പരിഹരിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെ പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അവസാനമാകുകയാണ്.

ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ ബന്ദികളെ വിട്ടയക്കുമ്പോള്‍ പകരം ഇസ്രയേലില്‍ തടവിലാക്കിയിരിക്കുന്നവരെയും വിട്ടയക്കും.പലായനം ചെയ്യപ്പെട്ട ആയിരക്കണക്കിന് പലസ്‌തീനികള്‍ക്ക് അവരുടെ ഗാസയിലെ വീടുകളിലേക്ക് മടങ്ങി വരാനുള്ള അവസരവും പുതിയ കരാറിലുണ്ട്. ഇതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം 72 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് തിരികെ വരുന്ന ബന്ദികളെ സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പ്രത്യേക കര്‍മ്മസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും നെതന്യാഹു വ്യക്തമാക്കി. ഇക്കാര്യം ഇവരുടെ കുടുംബാംഗങ്ങളെയും അറിയിച്ചു കഴിഞ്ഞു.

ഹമാസുമായുള്ള ചില തര്‍ക്കങ്ങളെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറും മധ്യസ്ഥ ചര്‍ച്ചകളും പൂര്‍ത്തിയായെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇസ്രയേല്‍ സഖ്യ സര്‍ക്കാരിലെ ചിലര്‍ ആശങ്കകള്‍ പങ്കുവച്ചിരുന്നു.

ഹമാസ് ചില അധിക ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് വിലപേശാന്‍ തുടങ്ങിയെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഫിലാഡെല്‍ഫി ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍മാറണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഹമാസ് മുന്നോട്ട് വച്ചു. ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖല ഇസ്രയേല്‍ സൈന്യം മേയ് മാസത്തില്‍ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇക്കാര്യം ഹമാസ് നിഷേധിച്ചു. മധ്യസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് ഇസാത് അല്‍ റിഷഖ് പറഞ്ഞു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായും പ്രസിഡന്‍റ് ജോ ബൈഡനുമായും ചർച്ച നടത്തിയിരുന്നു.. ചർച്ചയ്ക്കിടെ ബന്ദികളെ മോചിപ്പിക്കാൻ സഹായിച്ചതിന് നെതന്യാഹു അവരോട് നന്ദി പറഞ്ഞു. മാത്രമല്ല തങ്ങളുടെ എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

ഗാസ തീവ്രവാദത്തിന്‍റെ ഒരു പറുദീസയായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയതിന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ നെതന്യാഹു പ്രശംസിച്ചു. പ്രശ്‌നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും അവ പരിഹരിക്കുന്നതിനും ഉടൻ തന്നെ വാഷിങ്‌ടണിൽ കൂടിക്കാഴ്‌ച നടത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *