ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട
തിരുവനന്തപുരം∙ കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ തിടുക്കത്തില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആയതിനു ശേഷം മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടു പോകട്ടെ എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം കൂറുമാറ്റത്തിനു കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതു സംഘടനാ നടപടിയുടെ ഭാഗമാണ്.
ഇനിയുള്ള കാര്യങ്ങള്‍ നിയമപരമായ നടപടികള്‍ക്കു ശേഷം പരിഗണിക്കാമെന്ന തരത്തിലാണ് ചര്‍ച്ച നടന്നത്. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി തീരുമാനത്തിന് അനുസരിച്ച് തുടര്‍നടപടികള്‍ ആലോചിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഗൗരവമായി ചര്‍ച്ച ചെയ്തത് ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ മൂന്നു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ത്വരിതപ്പെടുത്തും. വയനാട്ടില്‍ ഉള്‍പ്പെടെ അതിശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.