സ്പിൻ ബോളർമാർക്കെതിരെ തിളങ്ങുന്ന ബാറ്റർ; സഞ്ജു സാംസണ്‍ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വേണമെന്ന് സൈമൺ ഡൂൾ
മുംബൈ∙ സഞ്ജു സാംസണെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസീലൻഡ് മുൻ താരം സൈമൺ ഡൂൾ. സ്പിന്നിനെ നേരിടുന്നതിൽ മിടുക്കനായ സഞ്ജു ടീമിൽ വരുന്നത് ഇന്ത്യൻ ടീമിനു ഗുണമാകുമെന്നു സൈമൺ ഡൂൾ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കായി ട്വന്റി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ടെസ്റ്റിൽ ഇതുവരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല. ‘‘സ്പിന്നർമാർക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ് ഇന്ത്യൻ ടീമില്‍ വരേണ്ടത്. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ അതിനു ചേര്‍ന്ന താരങ്ങളാണ്. ഇരുവരേയും ഇന്ത്യന്‍ ടീമിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.’’– ഡൂൾ പ്രതികരിച്ചു.
തന്നെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്നു ബിസിസിഐ സൂചന നൽകിയതായി സഞ്ജു സാംസൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിലവിലെ രഞ്ജി സീസണിൽ കേരളത്തിനായി താരം ഒരു മത്സരം കളിക്കാൻ ഇറങ്ങിയെങ്കിലും പിന്നീട് ടീമിനൊപ്പം തുടരാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സഞ്ജു ഇപ്പോൾ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമാണ് സഞ്ജു സാംസൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 65 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 11 സെഞ്ചറികളും 16 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ടീമിനു വേണ്ടി താരം സെഞ്ചറി നേടിയിരുന്നു.