സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം: കെ.ടി.ജലീല്‍
കൊച്ചി∙ സ്വര്‍ണക്കടത്തിനെതിരെ മതവിധി വേണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീല്‍ എംഎൽഎ. സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും കെ.ടി.ജലീല്‍ ആവശ്യപ്പെട്ടു. മനോരമ ന്യൂസ് പ്രത്യേക പരിപാടി നേരെ ചൊവ്വേയിലാണ് കെ.ടി ജലീലിന്റെ പ്രതികരണം.സ്വര്‍ണക്കടത്തിലും ഹവാലയിലും വിശ്വാസികള്‍ ഇടപെടരുതെന്ന് നിര്‍ദേശിക്കണം. മതവിധിയുണ്ടായാല്‍ മലപ്പുറത്തിനെക്കുറിച്ചുള്ള അപകീര്‍ത്തി ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്‍റെ മുസ്‌ലിം ലീഗ് വിരുദ്ധ പ്രചാരണത്തോടും കെ.ടി.ജലീല്‍ വിയോജിച്ചു. എസ്‌ഡിപിഐയെയും ജമാ അത്തെ ഇസ്‍ലാമിയെയും പോലെയല്ല ലീഗെന്ന് വാദിച്ച ജലീൽ, എന്നാല്‍ ലീഗില്‍ തീവ്രനിലപാടുള്ള ഒരുവിഭാഗമുണ്ടെന്നും പറഞ്ഞു.ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നത് സമുദായത്തെക്കൂടി പരിഗണിച്ചാണെന്നും ജലീല്‍ പറഞ്ഞു. കാലുമാറ്റം സമുദായത്തിനു ദോഷം ചെയ്യും. അന്‍വറിന്‍റെ വഴിക്ക് താനും പോയാല്‍ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം നേരെ ചൊവ്വേയിൽ ചോദിച്ചു.