ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു
ടെല്‍ അവീവ് : ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹമാസ് സമാനധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും നെതന്യാഹു നിര്‍ദ്ദേശിച്ചു. തെക്കന്‍ ഗസ്സയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തതായും ഹമാസ് തിരികെ കൊണ്ടു വന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷം മുന്‍പ് മരിച്ച ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. തിരിച്ചടി എങ്ങനെയെന്നു തീരുമാനിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സക്കുള്ള മാനുഷിക സഹായം തടയുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
യു എസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഒക്ടോബര്‍ 10ന് ഗസ്സ സമാധാന കരാര്‍ നിലവില്‍ വന്നത്. ഇതിനിടെ ഇസ്‌റാഈല്‍ 125 തവണ കരാര്‍ ലംഘിച്ചെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫിസ് കുറ്റപ്പെടുത്തിയിരുന്നു. 94 ഫലസ്തീനികളെയാണ് കരാര്‍ കാലയളവില്‍ ഇസ്‌റഈല്‍ കൊലപ്പെടുത്തിയത്.13 ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്‌റാഈലിന് കൈമാറാനുണ്ട്. അതേസമയം, മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ സംഘത്തിന്റെ സഹായവും ഹമാസ് തേടിയിരുന്നു.അതേസമയം, ഇന്ന് രാത്രി എട്ടിന് തീരുമാനിച്ചിരുന്ന ബന്ദികളുടെ മൃതദേഹ കൈമാറ്റം ഹമാസ് താല്‍ക്കാലികമായി മാറ്റിവെച്ചു. ഇസ്രായേല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹമാസിന്റെ തീരുമാനം.
