അബ്ദുല്‍ റഹീമിന്റെ മോചനം: വിധി പ്രസ്താവം മാറ്റി റിയാദ് കോടതി
റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.
പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.