വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന ഭർതൃമാതാവും മരിച്ചു
നാഗർകോവിൽ: കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭർതൃമാതാവും മരിച്ചു. ശുചീന്ദ്രം സ്വദേശിനി ചെമ്പകവല്ലി (50) ആണ് കഴിഞ്ഞ ദിവസം ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ചെമ്പകവല്ലിയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ വൈദ്യുതി ബോർഡ് ജീവനക്കാരനും ശുചീന്ദ്രം തെക്കുമൺ സ്വദേശിയുമായ കാർത്തിക്കിന്റെ ഭാര്യ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയെ (24) തിങ്കളാഴ്ചയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയുടെ മരണത്തിന് പിന്നാലെയാണ് ചെമ്പകവല്ലി വിഷം കഴിച്ചതെന്ന് ശുചീന്ദ്രം പൊലീസ് അറിയിച്ചു. ഇവർ വെന്റിലേറ്ററിലായിരുന്നു.
‘അമ്മ ക്ഷമിക്കണം, ദയവുചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്പത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം’- ശ്രുതി അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തിൽ ഇതാണ് പറഞ്ഞിരുന്നത്.
10 ലക്ഷം രൂപയും 50 പവൻ സ്വർണാഭരണവും വിവാഹ സമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് ചെമ്പകവല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതായും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതി ശബ്ദസന്ദേശത്തില്‍ പരാമർശിച്ചിരുന്നു.