കാറപകടത്തെത്തുടർന്ന് ശസ്ത്രക്രിയ ചെയ്ത കാലിന് വീണ്ടും പരുക്ക്, പന്ത് ഇന്നും ഇറങ്ങിയില്ല; ജുറേൽ ബാറ്റ് ചെയ്യുമോ?

0

ബെംഗളൂരു∙  ബാറ്റിങ്ങിലെ കൂട്ടത്തകർച്ചയ്ക്കു പിന്നാലെ ഇന്ത്യയ്ക്ക് ആശങ്കയായി ഋഷഭ് പന്തിന്റെ പരുക്കും. രണ്ടാം ദിനം വിക്കറ്റ് കീപ്പിങ്ങിനിടെ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് വലതു കാൽമുട്ടിൽകൊണ്ടാണ് ഋഷഭ് പന്തിനു പരുക്കേറ്റത്. മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോഴും പന്ത് കീപ്പിങ്ങിന് ഇറങ്ങിയില്ല. ധ്രുവ് ജുറേലാണ് പകരം വിക്കറ്റ് കീപ്പർ.വൈദ്യസംഘത്തിന്റെ പരിശോധനയ്ക്കുശേഷം ഗ്രൗണ്ടിൽനിന്നു ഇന്നലെ മുടന്തിയാണ് പന്ത് മടങ്ങിയത്. കാറപകടത്തെത്തുടർന്ന് പലതവണ ശസ്ത്രക്രിയയ്ക്കു വിധേയമായ കാൽമുട്ടിനാണ് വീണ്ടും പരുക്കേറ്റത് പന്തിന്റെ കാൽമുട്ടിൽ നീരുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മത്സരശേഷം പറഞ്ഞു. ഇന്ന് പന്തിനു കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞെങ്കിലും മെഡ‍ിക്കൽ ടീമിന്റെ നിരീക്ഷണത്തിലായതിനാൽ പന്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.

പന്തിന് പകരം ജുറേൽ ബാറ്റ് ചെയ്യുമോ?

അതേസമയം, പന്തിനു പകരം ജുറേൽ കീപ്പ് ചെയ്യുന്നുണ്ടെങ്കിലും ബാറ്റിങ്ങിന് ഇറങ്ങാൻ സാധിക്കില്ല. 2018ൽ ടെസ്റ്റ് ക്രിക്കറ്റിന്റെ നിയമങ്ങളിൽ വലിയ മാറ്റമുണ്ടായി. പുതിയ നിയമം അനുസരിച്ച്, ഒരു ടെസ്റ്റ് മത്സരത്തിനിടെ വിക്കറ്റ് കീപ്പർക്ക് പരുക്കേറ്റാൽ, അമ്പയർ പരുക്ക് കണക്കിലെടുത്ത് ഒരു പകരക്കാരനെ കളത്തിലിറങ്ങാൻ അനുവദിക്കും.ഈ നിയമമനുസരിച്ചാണ് പന്തിന് പകരം ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പിങ് ചെയ്യുന്നത്. എന്നാൽ പകരക്കാരനായ കളിക്കാരന് ബാറ്ററുടെയും ബോളറുടെയും റോൾ ചെയ്യാൻ സാധിക്കില്ല. വിക്കറ്റ് കീപ്പിങ് അല്ലെങ്കിൽ ഫീൽഡിങ് മാത്രമേ ചെയ്യാൻ സാധിക്കൂ. ഇക്കാരണത്താൽ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനും പന്ത് ഫിറ്റല്ലെങ്കിൽ പകരം ബാറ്റ് ചെയ്യാൻ ധ്രുവ് ജുറേ‌ലിനു സാധിക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *