ചോദ്യംചെയ്യലിനു പിന്നാലെ ജാമ്യഹർജി; കക്ഷി ചേരാൻ നവീന്റെ കുടുംബം: ദിവ്യയ്ക്ക് ഇന്നു നിർണായകം
കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹർജിൽ തലശേരി ജില്ലാ കോടതിയിൽ ഇന്നു വാദം കേൾക്കും. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കലക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാകും പ്രതിഭാഗത്തിന്റെ വാദം. ദിവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയുള്ള ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെ വാദവും നിർണായകമാകും. കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് ദിവ്യയുടെ വാദം. ഫയൽനീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്ഥാപിക്കാനാകും ശ്രമം. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. പ്രശാന്തിനെ നേരത്തേ പരിചയമില്ലെന്നും അവർ മൊഴി നൽകിയിരുന്നു.