‘മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയിലേക്ക് സന്ദീപ് പോകില്ല; ഒന്നര വർഷത്തിൽ ഇവിടെ പലതും ചെയ്യാനുണ്ട്’
പാലക്കാട്∙ സന്ദീപ് വാര്യർ ഉന്നയിച്ച വിഷയം ചർച്ച ചെയ്യാൻ ഉപതിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതൃയോഗം ചേരണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി. പക്ഷം പിടിക്കാതെ താൻ അഭിപ്രായം പറയും. സന്ദീപുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം ബിജെപി വിടില്ലെന്നും മേജർ രവി പറഞ്ഞു. ‘‘സന്ദീപ് ഇവിടെ നിന്ന് ചാടി അപ്പുറത്തോട്ട് പോകില്ല. ദേശീയ വികാരമുള്ള ഒരാളാണ് സന്ദീപ്. മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയിലേക്ക് സന്ദീപ് പോകില്ല. ഒന്നര വർഷത്തിനകത്ത് ഇവിടെ പലതും ചെയ്യാനുണ്ട്. കമാൻഡർ എന്ന നിലയിൽ ഞാൻ പല പദ്ധതികളും തയാറാക്കി വച്ചിട്ടുണ്ട്. പാലക്കാട് ബിജെപി വിജയിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ചേലക്കരയിൽ വലിയ മുന്നേറ്റമുണ്ടാക്കും. സർപ്രൈസ് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയിൽ ഉണ്ടാവുക’’ – മേജർ രവി പറഞ്ഞു.