വടിവാൾ വീശി, സ്ഫോടക വസ്തു എറിഞ്ഞു : കണ്ണൂരിൽ തെരുവ് യുദ്ധം
കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂരിലെ വിവിധയിടങ്ങളിൽ സംഘർഷം. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനു നേരെ എൽഡിഎഫ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. പാറാട് ടൗണിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ കൊണ്ട് ആക്രമിച്ചു. യുഡിഎഫ് പ്രകടനത്തിനു നേരെ കല്ലുകളും സ്ഫോടക വസ്തുക്കളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സിപിഎം പാർട്ടി കൊടികൊണ്ടു മുഖം മൂടിയാണ് അക്രമി സംഘം എത്തിയത്.
പാറാട് ടൗണിൽ പ്രകടനത്തിനിടെ തെരുവു യുദ്ധം തന്നെ അരങ്ങേറി. കല്ലേറിൽ നിരവധി പേർക്ക് പരിക്കുണ്ട്. സംഘർഷം തടയാൻ പൊലീസ് ലാത്തി വീശി. യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത് കാറിൽ എത്തിയപ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘർഷത്തിലേക്ക് പോയതെന്നു ഒരു വിഭാഗം പറയുന്നു. ഇതോടെ ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു.
വടിവാള്‍ വീശി സംഘം ആളുകള്‍ക്ക് നേരെ പാഞ്ഞടുത്തു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കല്ലേറിൽ പൊലീസ് ബസിന്റെ ചില്ലുതകർന്നു. പാറാട്ടെ ആച്ചാന്റവിട അഷ്റഫിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു.
വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ട്. പാറാട്ടെ ലീഗ് ഓഫീസിനു നേരെയും അക്രമമുണ്ടായി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് അക്രമികൾ പിരിഞ്ഞു പോയത്.
സംഘർഷത്തിൽ ആരിഫ്, ഷമീൽ, ഷാമിൽ, മുഹമ്മദ് ഫാൻസിൻ എന്നിവർക്കാണ് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് അക്രമം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. 25 വർഷത്തിന് ശേഷമാണ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തത്. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിൻ്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
