മകനുണ്ടാക്കിയ കടബാധ്യത തനിക്കറിയിലായിരുന്നു എന്ന് അഫാൻ്റെ പിതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം പലരിൽ നിന്നും കടം വാങ്ങിയുണ്ടായ സാമ്പത്തിക ബാധ്യതയാണെന്ന് പ്രതി അഫാൻ പൊലീസിന് മൊഴിനൽകിയ വാർത്ത അറിഞ്ഞ അഫാൻറെ പിതാവ് അബ്ദുൽ റഹീം,മകനുണ്ടാക്കിയ കട ബാധ്യത അറിഞ്ഞിരുന്നില്ലന്നും തന്റെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ലന്നും പറഞ്ഞു. ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നുവെന്നും റഹീം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കൂട്ടക്കൊലയിലേക്ക് എത്തിച്ചത് സാമ്പത്തിക ബാധ്യതയായിരുന്നു പോലീസിന്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യത തനിക്കുണ്ട്. ഇഖാമ പുതുക്കാൻ സാധിക്കാതെ വർഷങ്ങളായി വിദേശത്ത് അകപ്പെട്ടുപോയ അബ്ദുൾ റഹിമിന് ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നു. അഫാൻ പണയം വെച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60000 രൂപ താൻ അയച്ചു നൽകിയെന്നും തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാൻ അബ്ദുൾ രഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
അതേസമയം മകൻ ആക്രമിച്ചത് മറച്ചുവെച്ച് അഫാന്റെ അമ്മ ഷമീനയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകി. കട്ടിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് മൊഴി. ഇവർക്ക് ഇത്രയേറെ സാമ്പത്തിക ബാധ്യത ഉണ്ടായത് എങ്ങനെയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ റിമാൻഡിൽ കഴിയുന്ന അഫാനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഉടൻ അപേക്ഷ നൽകും.