അബ്ദുല്‍ റഹീമിന്റെ മോചനം; 1.66 കോടി രൂപ അഭിഭാഷക ഫീസ് നല്‍കണം
18 വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ വിധിച്ച് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഒരുകോടി 66 ലക്ഷം രൂപ (ഏഴരലക്ഷം റിയാല്‍) പ്രതിഫലം നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്റെ ആവശ്യം.
ദിയാധനമായി ആവശ്യപ്പെട്ട 15 മില്യന്‍ റിയാലിന്റെ അഞ്ചുശതമാനമാണിത്. എന്നാല്‍, സൗദിയിലെ സര്‍വകക്ഷി നിയമസഹായസമിതി ഈ വിവരം നേരത്തേത്തന്നെ ധാരണയാക്കിയതാണെന്നും അതിനാല്‍, റഹീമിന്റെ മോചനത്തിന് ഇത് പ്രതിസന്ധിയായി നിലനിൽക്കില്ലെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിയമസഹായസമിതി വ്യക്തമാക്കി.
കരാര്‍ അനുസരിച്ച് അനസ് അല്‍ ഷഹ്രിയുടെ കുടുംബം മാപ്പുനല്കാന് സന്നദ്ധമാണെന്ന് കോടതിയെ രേഖാമൂലം അറിയിച്ചാല്‍ വക്കീല്‍ ഫീസ് നല്‍കാമെന്നാണ് വ്യവസ്ഥ. എന്നാല്‍, അഭിഭാഷകഫീസായി കണക്കാക്കിയ ഒരു കോടി 66 ലക്ഷത്തിന്റെ പകുതിയെങ്കിലും മുന്‍കൂറായി അടക്കണമെന്ന് വാദിഭാഗം അഭിഭാഷകന്റെ പെട്ടെന്നുള്ള ആവശ്യമാണ് അല്പം പ്രതിസന്ധി സൃഷ്ട്ടിച്ചത്. ഇതുപരിഹരിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. വക്കീല്‍ഫീസിന് ഇന്‍വോയ്സ് ഇഷ്യൂ ചെയ്യുമ്പോള്‍ 15 ശതമാനം വാറ്റ് നികുതികൂടി അധികമായി വരും. ഇത് 25 ലക്ഷം രൂപയോളമാകും.
ഈ നികുതിസംബന്ധിച്ചുള്ള വിവരം നിയമസഹായസമിതിയുടെ ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ല. ഈ തുകകൂടി നാട്ടില്‍ നിന്നും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ദിയാധനം എംബസിവഴി കൈമാറുന്നതിന് തടസ്സമില്ല.