നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
പത്തനംതിട്ട: സ്വകാര്യ മെഡിക്കൽ കോളെജിൽ ബിഎസ്സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്‍റെ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരിയിൽ നിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. പരാതിക്കാരിയുടെ മകൾക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജിൽ ബിഎസ്സി നഴ്സിങ്ങിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രതിക്ക് 755000 രൂപ പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. അതിനു ശേഷം ഹോസ്റ്റൽ ഫീസെന്നും പറഞ്ഞ് ആശുപത്രിക്ക് സമീപംവെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.