വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിക്ക് ഇന്ന് ചേർന്ന മന്ത്രിസഭായോഗം ഭരണാനുമതി നല്കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്. ഇതോടൊപ്പം എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മെയ് 12 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎല്‍സിസിഎസ്) മുൻകൂർ തുക അനുവദിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനമുണ്ട്.